കർണാടക: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെയും ലോറിയെയും ഇനിയും കണ്ടെത്താനായിട്ടില്ല.(National Highway 66 Reopens After Landslide in Shirur, Karnataka)
മണ്ണിടിച്ചിൽ നടന്നതിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്. ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കുന്നിൽനിന്നു വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനു കാന പണിയാൻ നടപടി സ്വീകരിക്കും. റോഡരികിൽ പാർക്കിങ്ങിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഗംഗാവലി നദിയിൽ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും നടന്നില്ല. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ നടപ്പാകൂ. സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽനിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല.