ചന്ദ്രനിൽ ഇനി മൊബൈൽ നെറ്റ് വർക്കും ലഭിക്കും. നോക്കിയ ആണ് ചന്ദ്രനിലെ ഏക നെറ്റ് വർക്ക് പ്രൊവൈഡർ. അഥീന ലാൻഡറിനെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ഫാൽക്കൺ 9 റോക്കറ്റിൽ IM-2 എന്നറിയപ്പെടുന്ന ദൗത്യത്തിന്റെ വിക്ഷേപണം. മാർച്ച് ആറിനാണ് പേടകം ചൊവ്വയിൽ ഇറങ്ങുക.
ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 100 മൈൽ (160 കി.മീ) ദൂരത്താണ് പേടകം ലാൻ്റ് ചെയ്യുന്നത്. തണുത്തുറഞ്ഞ ജലം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥിരമായി നിഴലുള്ള ഒരു ഗർത്തത്തിന് സമീപത്ത് പേടകം ഇറങ്ങുമെന്നാണ് നാസയും സ്പേസ് എക്സും പറയുന്നത്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം നിർണയിക്കാനായുള്ള ഗവേഷണങ്ങളും ദൗത്യത്തിന്റെ ഭാഗമായി നടക്കും.
ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കപ്പെടും എന്നതാണ് പ്രത്യേകത. ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2 ദൗത്യത്തിന്റെ ഭാഗമായാണ് ഈ ദൗത്യം.
നോക്കിയയുമായി ചേർന്നാണ് ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കുന്നത്. നോക്കിയ വികസിപ്പിച്ച ലൂണാർ സർഫേസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (എൽ.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററിൽ ഇന്ന് ചന്ദ്രനിലെത്തുക. ഭൂമിയിൽ ഉപയോഗിക്കുന്ന അതേ സെല്ലുലാർ സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തിൽ കണക്ടിവിറ്റി എത്തിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കിയ പറയുന്നു.
ഈ നെറ്റ് വർക്കിന്റെ സഹായത്തോടെ ഉയർന്ന നിലവാരത്തിൽ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കൺട്രോൾ ആശയവിനിമയങ്ങൾ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.