തിരുവനന്തപുരം: 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച നിജസ്ഥിതി അറിയാനുള്ള വിദഗ്ധ പരിശോധനയ്ക്ക് മേല്‍നോട്ട സമിതിയുടെ പച്ചക്കൊടി കിട്ടിയതോടെ ആകാംക്ഷയോടെ കേരളം. ഡാമിനു സുരക്ഷാഭീഷണി ഉണ്ടെന്നു കണ്ടെത്തിയാല്‍ സാഹചര്യം കേരളത്തിന് അനുകൂലമാകും.
പുതിയ അണക്കെട്ട് എന്ന വര്‍ഷങ്ങളായുള്ള ആവശ്യം വീണ്ടും ഉന്നയിക്കാനും ഇപ്പോള്‍ നടത്തിവരുന്ന പ്രാഥമിക നടപടികള്‍ക്കു വേഗം കൂട്ടാനും കേരളത്തിനു കഴിയും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനും വഴിയൊരുക്കും. സ്ഥിതി മറിച്ചായാല്‍, ഡാമിന്റെ അനുവദനീയ ജലനിരപ്പ് 142ല്‍ നിന്നും 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുന്നോട്ടു പോകും.
അണക്കെട്ടില്‍ സ്വതന്ത്ര സമിതിയുടെ വിദഗ്ധ പരിശോധന നടത്തണമെന്നാണു സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. ഇതിന്റെ തുടര്‍നടപടികള്‍ക്കായി തമിഴ്‌നാടിനെയാണു മേല്‍നോട്ട സമിതി ചുമതലപ്പെടുത്തിയത്. പരിശോധന നടത്തുന്ന സംഘത്തില്‍ സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റുമോയെന്നു കേരളത്തിന് ആശങ്കയുണ്ട്.