കൊച്ചി: കനത്ത മഴയില്‍ സംസ്ഥാനത്ത് കടലാക്രമണ ഭീഷണിയും രൂക്ഷമാകുന്നു. ശക്തമായ കടല്‍ഭിത്തിയില്ലാത്തതു മൂലം വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നതിനാല്‍ രണ്ടു ദിവസമായി പ്രതിഷേധത്തിലാണ് കണ്ണമാലി തീരദേശവാസികള്‍. കണ്ണമാലി പൊലീസ് സ്റ്റേഷനു സമീപമാണ് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം. വേലിയേറ്റം ചെറുക്കുന്നതിനായി താല്‍ക്കാലികമായെങ്കിലും സുരക്ഷയൊരുക്കണമെന്നാണ് ആവശ്യം. മഴ ശക്തമാകുന്നതിനാല്‍ രണ്ടു ദിവസമായി വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണ്. ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിലാണ് സമരം.
‘ഞങ്ങളെല്ലാം ഒരുമിച്ചാണ് ചാക്കില്‍ മണ്ണു നിറച്ച് വാടം കെട്ടി അതിനു മുകളില്‍ ജെസിബി കൊണ്ടു മണ്ണുകോരിയിട്ട് രണ്ടു മൂന്നു കൊല്ലം കടലിനെ തടുത്തുനിര്‍ത്തിയത്. ഞങ്ങളുടെ അച്ഛനമ്മമാരും ഞങ്ങളെല്ലാംവരും ഇങ്ങനെയാണ് കടലിലെ തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ രണ്ടു കൊല്ലമായി ദേഹവേദന കാരണം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കുറേ വര്‍ഷങ്ങളായി ഈ കടല്‍ഭിത്തിയുണ്ടാക്കി കടല്‍ തടുത്തു നിര്‍ത്തിയത് ഞങ്ങളാണ്, ആരും സഹായത്തിന് വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രായവുമായി, അസുഖങ്ങളുമായി. ചെല്ലാനത്തുകാര്‍ ചെയ്തതു പോലെ ഞങ്ങളും ഇവിടെ സമരം ചെയ്യും, മരണം വരെ സമരം ചെയ്യും.
ചെല്ലാനത്ത് അവര് നിലവിളിച്ചതുകൊണ്ടാണ് അവര്‍ക്ക് കടല്‍ഭിത്തി കെട്ടി നല്‍കിയത്. ചെല്ലാനത്ത് ചെയ്യാമെങ്കില്‍ തൊട്ടടുത്തുള്ള ഇവിടെ എന്തുകൊണ്ട് ലഭിക്കുന്നില്ല. ഇവിടെ കുറേ പേര് മരിച്ചു വീണാലും ഇത് തുടരും. എന്തായാലും ഞങ്ങള് ഇറങ്ങും. ഞങ്ങള്‍ക്ക് കിറ്റും വേണ്ട പൈസയും വേണ്ട ഒന്നും വേണ്ട. ഞങ്ങളെല്ലാവരും അധ്വാനിച്ചാണ് ജീവിക്കുന്നത്. മക്കളെ വളര്‍ത്താനാണ് പണം മിച്ചം വയ്ക്കുന്നത്. അത് വീടുകെട്ടി തീരുവാണ്. ഞങ്ങള്‍ക്ക് ഞങ്ങടെ തീരം വേണം, ഞങ്ങടെ വീടു വേണം. ഈ തീരം വിടാന്‍ ഞങ്ങള്‍ക്ക് പറ്റില്ല’- പ്രതിഷേധക്കാര്‍ പറയുന്നു.
റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയാണ് കണ്ണമാലിയില്‍ പ്രതിഷേധം അരങ്ങേറുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്നും വീടു മുഴവന്‍ വെള്ളം കയിറിയിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കുട്ടികളുമായാണ് മഴ പെയ്യുന്ന സമയത്തും അമ്മമാര്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. കുട്ടികളുടെ പഠനസാഹചര്യങ്ങളും വീട്ടിലെ ഭക്ഷണസാധനങ്ങള്‍ അടക്കം ഒഴുകിപ്പോയെന്നും ഇവര്‍ പറയുന്നു. പരിഹാരം ലഭിക്കാതെ തിരികെ പോകില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത്.
ചെല്ലാനം ഭാഗത്ത് കടല്‍ഭിത്തി വന്നതിനാല്‍ ഇവിടെയും വരുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്നും കണ്ണമാലിയില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നു. ചെല്ലാനം മുതല്‍ പുത്തന്‍തോട് വരെയാണ് ടെട്രാപോഡ് സംവിധാനം നിലവിലുള്ളത്. നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ടെട്രാപോഡ് കണ്ണമാലിയിലേക്കും വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചത്. ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം തുടങ്ങാന്‍ കാലതാമസമുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.