തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്‌സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ പങ്കെടുത്തത് വിവാദത്തിൽ. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുത്തത്. എന്നാൽ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.
പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറയുന്നു. എന്നാൽ മുകേഷ് നായർ വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്നുവെന്നു എന്നറിയിച്ചിട്ടുള്ള പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
മുടിവെട്ടിയത് ശരിയായില്ല; ആദ്യദിനത്തിൽ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി
പത്തനംതിട്ട: മുടിവെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പിതാവ് പരാതി നൽകി. മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ ക്ലാസിൽ കയറ്റിയില്ലെന്ന് പിതാവ് പറയുന്നു.
രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തിയെന്നും പിതാവ് പറഞ്ഞു. ‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തതാണ്.
ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ വെട്ടിച്ചതാണ് എന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പിറ്റേന്ന് അത് തിരുത്തി വരാൻ പറയാം അതാണ് മര്യാദ.
എന്നിട്ടും യാതൊരു മര്യാദയും ഇല്ലാതെ കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ സ്കൂൾ അധികൃതർ പ്രവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും’’ – എന്നും പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.