കോയമ്പത്തൂർ: സൈബര്‍ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കി. അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന്‍റെ അമ്മയാണ് മരിച്ചത്. കുഞ്ഞിന് പറ്റിയ അപകടത്തെ തുടർന്നുണ്ടായ രൂക്ഷമായ സൈബർ ആക്രമണങ്ങൾ സഹിക്കാൻ കഴിയാതെയാണ് അമ്മ രമ്യ (33) വീട്ടില്‍ തൂങ്ങി മരിച്ചത്. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്‍റെ ഭാര്യയുമാണ്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു രമ്യ.
കഴിഞ്ഞ മാസം 28ന് ആണ് കുഞ്ഞ് വീണത്. തിരുമില്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്മെന്‍റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍ നിന്നു കുഞ്ഞ് അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ വീഡിയോ വൈറലായതോടെ യുവതി അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. രമ്യയുടെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ മാനസികമായി തളര്‍ന്നു. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് പെൺകുഞ്ഞിനെ കൂടാതെ അഞ്ച് വയസ്സുള്ള മകൻ കൂടിയുണ്ട്.
Read Also: സ്ഥിരീകരണം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
Read Also: മദ്യലഹരിയിൽ തല്ലി തകർത്തത് രണ്ടു വാഹനങ്ങൾ ; രണ്ടു പേർ പിടിയിൽ; ആക്രമണം ആലുവയിൽ