കൊച്ചി: ഡോക്ടർ ചമഞ്ഞ് പണ തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. കോട്ടയം കിടങ്ങൂർ സ്വദേശികളായ എംഎ രതീഷ് അമ്മ ഉഷ അശോകൻ എന്നിവരാണ് പറവൂർ പോലീസിന്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ചവരെയാണ് ഇവർ ലക്ഷ്യമിട്ടത്. ചികിത്സയിൽ കഴിയുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.Mother and son arrested for money fraud by pretending to be a fake doctor
മാരക രോഗം ബാധിച്ചവരുടെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് രതീഷ് എത്തുക. പ്രമുഖ ആശുപത്രികളിലെ ഡോക്ടർ എന്ന് പറഞ്ഞോ രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരുടെ അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയോ ആണ് ബന്ധുക്കളെ പരിചയപ്പെടുന്നത്. ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായം നൽകാമെന്നാണ് വാഗ്ദാനം. ഡോക്ടർ ആണെന്നതിന് തെളിവുകളും നൽകും. പറവൂർ സ്വദേശി അഡ്വ. വിനോദിന്റെയടുക്കൽനിന്ന് ഒരു ലക്ഷത്തോളം രൂപയാണ് പലപ്പോഴായി വാങ്ങിയത്.
അമ്മ ഉഷ അശോകന്റെ അകൗണ്ടിലേക്കാണ് പണം അയക്കാൻ പറയുന്നത്. നേരത്തെ എൽഡി ക്ലാർക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവർ മറ്റൊരാളിൽ നിന്ന് 10 ലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ പത്ത് കേസുകളുണ്ട്. കോട്ടയം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതികളുടെ തട്ടിപ്പ്.