കൊച്ചി : ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ഏറ്റുമാനൂർ പൊലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചു. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതി നോബി തെളിവുകൾ നശിപ്പിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.
ഷൈനിയും മക്കളും ജീവനൊടുക്കിയതിന്റെ തലേ ദിവസം ഫോൺ വിളിച്ചിരുന്നു എന്നായിരുന്നു ഭർത്താവ് നോബിയുടെ മൊഴി. ആ സമയം മദ്യലഹരിയിലായിരുന്ന നോബി നടത്തിയ ഫോൺ സംഭാഷണമാണ് അമ്മയും മക്കളും ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അതുകൊണ്ടുതന്നെ ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ട്രാക്കിനടുത്തെത്തിയ പ്രദേശവാസികളാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പള്ളിയിൽ പോകാൻ എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ഷൈനി റെയിൽവേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി .
ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്ന ഷൈനിയുടെ ജോലിക്ക് പോകണമെന്ന ആഗ്രഹത്തെ ഭർത്താവ് നോബി പിന്തുണച്ചിരുന്നില്ല. മാത്രമല്ല ഇതിന്റെ പേരിൽ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളെ തുടർന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്.
വിവാഹമാേചനത്തിനും ഭർത്താവ് നോബി സമ്മതിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്ന ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഷൈനി മക്കളുമായി ആത്മഹത്യയ്ക്ക് മുതിർന്നത് എന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.