ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടു. 30കാരിയായ വീട്ടമ്മയും 17കാരനായ കൗമാരക്കാരനും തമ്മിലുള്ള അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമായത്.
വീട്ടമ്മയും കൗമാരക്കാരനും വഴിവിട്ട ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ട ഉർവി, അത് അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ അവർ ഭീതിയിൽപ്പെട്ട് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
ബുധനാഴ്ച രാവിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിനിടെയാണ് ഉർവി കാണാതായത്. തുടർന്നുണ്ടായ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽ നിന്ന് ചണസഞ്ചിയിലാക്കി മാറ്റിയ മൃതദേഹം കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ, കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണ് സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി.
അന്വേഷണത്തിനിടെ വീട്ടമ്മയുടെ കൈയിൽ കടിയേറ്റ പാടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്യലിൽ, കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ചതാണെന്ന് അവർ സമ്മതിച്ചു. തുടർന്ന് വീട്ടമ്മയും കൗമാരക്കാരനും പോലീസ് പിടിയിലായി.
വീട്ടമ്മയും കൗമാരക്കാരനും കഴിഞ്ഞ മൂന്നു മാസമായി വഴിവിട്ട ബന്ധത്തിലായിരുന്നു. സംഭവദിവസം ഭർത്താവും ഭർതൃമാതാവും വീട്ടിൽ ഇല്ലാതിരുന്നതിനാൽ, കൗമാരക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും സ്ത്രീ മൊഴി നൽകി.
സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് ബാങ്ക് തുറന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് നേരത്തേ മുലപ്പാൽ ബാങ്ക് ഉണ്ടായിരുന്നത്.
പാൽപ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാൽവിൽപ്പന എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിലും ഇവ ആരംഭിക്കാൻ പദ്ധതിയുണ്ട്.
മുലപ്പാൽ ഐസ്ക്രീം പുറത്തിറക്കി ഫ്രിഡ
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ അപൂർവ്വമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഫ്ലേവറുകൾ അവതരിപ്പിക്കുന്നതിന് ഐസ്ക്രീം കമ്പനികൾ എപ്പോഴും ശ്രമിക്കുന്നു.
ഇപ്പോഴിതാ അമേരിക്കയിൽ നിന്നൊരു വിചിത്ര പരീക്ഷണം വാർത്തയാകുകയാണ് — ‘മുലപ്പാൽ ഐസ്ക്രീം’ (Breast Milk Ice Cream).
അമേരിക്കയിലെ പ്രമുഖ ബേബി ബ്രാൻഡായ ‘ഫ്രിഡ’ (Frida)യും, ന്യൂയോർക്കിലെ പ്രശസ്ത ഐസ്ക്രീം നിർമ്മാതാക്കളായ ഓഡ്ഫെല്ലോസ് ഐസ്ക്രീം (OddFellows Ice Cream) കമ്പനിയും ചേർന്നാണ് ഈ വ്യത്യസ്ത ഫ്ലേവർ പുറത്തിറക്കിയത്.
മുലപ്പാലിന്റെ രുചി അനുകരിച്ച് തയ്യാറാക്കിയ ഈ ഐസ്ക്രീം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. വൈറൽ ആയി മാറിയത്, ‘ബ്രസ്റ്റ് മിൽക്ക് ഐസ്ക്രീം’ എന്ന് എഴുതിയ ഒരു ടാങ്കർ ലോറി റോഡിലൂടെ പോകുന്ന ദൃശ്യങ്ങളോടെയാണ്.
എന്നാൽ, പേരുപോലെ ഇതിൽ യഥാർത്ഥ മുലപ്പാൽ ഒന്നും അടങ്ങിയിട്ടില്ല. പകരം മധുരവും ഉപ്പും കലർന്ന മുലപ്പാലിന്റെ രുചി നൽകുന്നതിന് പ്രത്യേകമായ ഘടകങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഐസ്ക്രീമിൽ പാൽ, ഹെവി ക്രീം, മിൽക്ക് പൗഡർ, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു, ഉപ്പിട്ട കാരമൽ ഫ്ലേവറിംഗ്, തേൻ സിറപ്പ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യപരമായി പ്രശ്നമൊന്നുമില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു.
നിലവിൽ ഫ്രിഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ഈ പ്രത്യേക ഫ്ലേവറിന്റെ വിൽപ്പന നടക്കുന്നത്. അധികം വൈകാതെ തന്നെ സ്റ്റോറുകളിലും എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.