കൊച്ചി: മുനമ്പത്തിന് സമാനമായി വഖഫ് ഭീഷണി നേരിട്ട് തൃശൂരിലെ ചാവക്കാട് പ്രദേശവാസികള്‍. 200-ലധികം കുടുംബങ്ങളാണ് വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു.(More than 200 families in Chavakkad face ‘Waqf threat’)
സംഭവത്തിൽ ഇടപെടൽ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചാവക്കാട് തീരദേശവാസികള്‍. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് അന്‍മോള്‍ മോത്തി പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്‍മോള്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കാനായി പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി മണത്തല വില്ലേജ് ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതരുടെ പ്രതികരണം. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.