വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ഷെമീറ ബീവിയുടെ മുന്‍പത്തെ 3 പ്രസവവും സിസേറിയന്‍ ആയിരുന്നു. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭര്‍ത്താവ് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാന്‍ ആവശ്യപ്പെട്ട പൊലീസിനോട് എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് ചോദിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. അയല്‍വാസികളുമായി യുവതിയും മക്കളും സംസാരിക്കുന്നത് നയാസിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Also read: സ്കൂട്ടർ തടഞ്ഞ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു