ആലപ്പുഴ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെ (48)ആണ് വിജിലൻസ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിജിലൻസിൻറെ കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പി.കെ പ്രീത എന്നാണ് റിപ്പോർട്ട്.
പഴയ സർവേ നമ്പർ നൽകുന്നതിന് ആയിരം രൂപ കൈക്കൂലി ചോദിച്ചതോടെയാണ് പ്രീതക്ക് വേണ്ടി കെണിയൊരുങ്ങിയത്.
സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുകൊടുക്കുന്നതിനാണ് ഇവർ ആയിരം രൂപ കൈക്കൂലിയായി വാങ്ങിയത്. ഗൂഗിൾപേ വഴിയായിരുന്നു ഇടപാട്.
ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് ഇവർ കുരുങ്ങിയത്. കൃഷി ആനുകൂല്യം ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായാണ് ഇദ്ദേഹം വസ്തുവിന്റെ പഴയ സർവ്വേ നമ്പർ ചോദിച്ചത്.
പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് പഴയ നമ്പർ അയച്ച് കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ ഇടണമെന്ന് പറഞ്ഞു.
പരാതിക്കാരനായ ജയകൃഷ്ണൻ ആദ്യം വില്ലേജ് ഓഫീസിലേക്ക് ഫോണിൽ വിളിച്ചപ്പോൾ, തിരക്കാണെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി.
പിന്നീട് വിളിക്കാനും പ്രീത ആവശ്യപ്പെടുകയായിരുന്നു. ജയകൃഷ്ണൻ അടുത്തദിവസം വിളിച്ചപ്പോഴാണ് വാട്സാപ് നമ്പർ നൽകിയത്.
പിന്നീട് വാട്സാപ്പ് വഴിയാണ് പ്രീത ഗൂഗിൾ പേ നമ്പർ നൽകിയത്. താൻ അയച്ച നമ്പരിലേക്ക് 1000 രൂപ ഗൂഗിൾപേ ചെയ്യാനായിരുന്നു പ്രീത നൽകിയ നിർദേശം.
ഇതോടെ ജയകൃഷ്ണൻ വിജിലൻസിനെ വിവരം അറിയിച്ചു. ഇതിനു ശേഷമാണ് ഗൂഗിൾപേ വഴി പരാതിക്കാരൻ പണം അയച്ചത്. കഴിഞ്ഞ ദിവസമാണ് വിജിലൻസ് പ്രീതയെ പിടികൂടിയത്.
English Summary :
More details have emerged in the case where a Village Officer was caught by the Vigilance for accepting a bribe through Google Pay.