മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്‌കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് സംവിധായകൻ സിബി മലയിൽ ആണ് അംഗത്വം കൈമാറിയത്. ഫെഫ്‌കയുടെ അംഗത്വ ടാഗ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് നടന് ആശംസകൾ നേർന്നത്. വരാനിരിക്കുന്ന ബാറോസ് നല്ല സിനിമയും തുടക്കവും ആവട്ടേയെന്നും പലരും ആശംസിക്കുകയും ചെയ്യുന്നു. ബറോസിലെ സംവിധാനത്തെ മുൻനിർത്തിയാണ് താരം ഫെഫ്‌കയുടെ അവാർഡിന് അർഹനായത്.
കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫെഫ്‌കയുടെ ചടങ്ങിൽ മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഐശ്വര്യ ലക്ഷ്മി, അനശ്വര രാജൻ എന്നിവരും പങ്കെടുത്തിരുന്നു. ഫെഫ്‌ക സംഘടിപ്പിക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്‌ഘാടനവും വേദിയിൽ വെച്ച് നടന്നു. സൂപ്പർഹിറ്റ് ചിത്രമായ കമലദളം ഇറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിടുന്ന അതേ ദിവസം തന്നെയാണ് താരം ഫെഫ്‌കയുടെ അംഗത്വം ഏറ്റുവാങ്ങിയതും എന്നത് യാദൃശ്ചികതയായി.