കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ കൂടിയായ യുവതി രംഗത്ത്. യുവതിയുടെ പരാതിയിൽ ഡോ. വരുൺ നമ്പ്യാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.
സാമൂഹ്യമാധ്യമങ്ങൾ വഴിയായിരുന്നു യുവതിയ്ക്ക് ഈ ക്ലിനിക്കിനെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് സർജൻ എന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. സൗന്ദര്യ വർധക ചികിത്സയ്ക്കായി യുവതിയുടെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.
നവംബർ 27, ഡിസംബർ 16 എന്നീ ദിവസങ്ങളിലായിരുന്നു യുവതി ആധുനിക സൗന്ദര്യ വർധക ചികിത്സകളിൽ ഒന്നായ ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായത്. ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു ചികത്സ.
ചികിത്സയ്ക്ക് ശേഷം യുവതിയ്ക്ക് പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഡോക്ടറെ സമീപിച്ചെങ്കിലും, തുടർചികിത്സ നല്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. പാർശ്വഫലങ്ങളെ തുടർന്ന് മോഡൽ കൂടിയായ യുവതിയ്ക്ക് തൊഴിൽസംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.