കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട പെണ്മക്കൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസും പിന്നാലെ മറ്റൊരു മകൾ സുജാത ബോബനും നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈദ്യപഠനത്തിനായി കൈമാറും.(MM Lawrence’s body will be handed over for medical study)
സെപ്റ്റംബർ 21ന് ആണ് എം.എം.ലോറൻസ് മരിച്ചത്. തുടർന്ന് മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നല്‍കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ ലോറന്‍സ് മകന്‍ സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്.
ഹർജി തള്ളിയ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിഷയത്തിൽ നിയമപ്രശ്നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.