ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. പ്രതികളിൽ കനിവിന്റെ പേര് ചേർക്കാതെയാണ് എക്സൈസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ഒൻപത് പേരായിരുന്നു പ്രതി ചേർക്കപ്പെട്ടത്. ഇവരിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസിന്റെ വിശദീകരണം.
കഴിഞ്ഞ ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ വെച്ച് പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.
എന്നാൽ ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തിയിരുന്നു.