തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ലോകായുക്ത ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഒരു വര്‍ഷം മുന്‍പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട നടപടി ചോദ്യംചെയ്ത് ഹര്‍ജിക്കാരന്‍ ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ജൂലൈ 18 ന് വാദം കേള്‍ക്കാനിരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ഹര്‍ജി പരിഗണിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാരചടങ്ങില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് പങ്കെടുക്കേണ്ടതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നു ആര്‍.എസ്.ശശികുമാര്‍ ലോകായുക്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ലോകായുക്തയെ അറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നിയമിതനാകുന്നതോടെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവര്‍ അടങ്ങുന്ന ഫുള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.