തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ മന്ത്രി കെ രാജന്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.(Minister K Rajan said that central regulations will spoil the charm of Thrissur Pooram fireworks)
കേന്ദ്രത്തിന്റെ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരം തകര്‍ക്കാനുള്ള ശ്രമമായി മാത്രമെ കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് തൃശൂര്‍ പൂരം പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പീയുഷ് ഗോയലിനും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും ഇക്കാര്യം ചൂണ്ടികാണിച്ച് കത്തയച്ചിട്ടുണ്ട്.
ഉത്തരവുപ്രകാരം 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി പറയുന്നത്. 200 മീറ്റര്‍ ഫയര്‍ ലൈന്‍ നടപ്പാക്കിയാല്‍ തേക്കികാട് വെടിക്കെട്ട് നടക്കില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതല്‍ 70 മീറ്റര്‍ വരെയായി കുറയ്ക്കണം.
താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണമെന്നും ആശുപത്രി, സ്‌കൂള്‍, നഴ്‌സിങ് ഹോം എന്നിവയില്‍ നിന്നും 250 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ടുകള്‍ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.