ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി രണ്ട് കട്ടിംഗും ഷേവിംഗും ഓർഡർ ചെയ്തതുപോലെയല്ല ഉംദാസ് ഹോട്ടലിലെ മെനു.Menu card at Umdas Hotel
ഹോട്ടലുകളിൽ കയറുമ്പോൾ ആദ്യം മുന്നിലേക്കെത്തുന്നത് മെനു കാർഡായിരിക്കും. ഇത് കാണുമ്പോൾ തന്നെ ഏത് വിഭവം ഓർഡർ ചെയ്യുമെന്ന് ഓർത്ത് ആകെ ആശയ കുഴപ്പത്തിലിരിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും.
വിഭവങ്ങൾ കണ്ട് ആശയകുഴപ്പത്തിൽ ഇരിക്കുന്നവർ മെനു കാർഡ് കണ്ട് ആശയ കുഴപ്പത്തിലായാൽ എങ്ങനെയിരിക്കും? അത്തരമൊരു മെനു കാർഡാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
മെനു കാർഡിൽ ഉംദാസ് വുമെൻ സ്‌പെഷ്യൽ എന്ന് എഴുതിരിക്കുന്നത് കാണാം. സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കിയ മെനുകാർഡ് പോലെയാണിത്.
എന്നാൽ വിഭവങ്ങൾ എന്തെല്ലാമെന്ന് നോക്കുമ്പോഴാണ് ആകെ ആശയകുഴപ്പത്തിലാവുന്നത്. ‘കുച്ച് നഹി, കുച് ബി, ആസ് യു വിഷ്, നഹി തും ബോലോ, നഹി നഹി തും ബോലോ തുടങ്ങിയവയാണ് വിഭവങ്ങൾ. ഇവയ്‌ക്കെല്ലാം 220, 240, 260, 280, 300 എന്നീങ്ങനെയാണ് യഥാക്രമത്തിൽ വില വരുന്നത്.
ഹോട്ടലുകളിൽ കയറുമ്പോൾ എന്ത് ഓർഡർ ചെയ്യുമെന്ന് അറിയാതിരിക്കുന്ന സ്ത്രീകൾക്കായാണ് പ്രത്യേകം തയ്യാറാക്കിയ ഈ മെനു കാർഡ്. പലപ്പോഴും എന്തെങ്കിലും മതി, നീ പറ ഇങ്ങനെയുള്ള സംസാരങ്ങളും ഹോട്ടലിൽ കയറുമ്പോൾ വരാറുണ്ട്. അവർക്കായും ഈ കാർഡ് സമർപ്പിക്കുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. സംഭവം വൈറലായതോടെ 4.4 മില്യൺ കാഴ്ചക്കാരാണ് ഇസ്റ്റഗ്രാമിലൂടെ മെനു കാർഡിന്റെ വീഡിയോ കണ്ടത്.