ബസിൽകയറുന്ന യാത്രക്കാരോട് ജീവനക്കാർ പെരുമാറേണ്ട രീതിയെക്കുറിച്ച് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ട്രാൻസ്‌പോർട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മന്ത്രി നിർദ്ദേശങ്ങൾ നൽകിയത്.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
നമ്മുടെ ബസ്സിൽ കയറുന്ന സഹോദരി സഹോദരന്മാരോട് സ്നേഹത്തിൽ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നില്ല, മര്യാദയുള്ള ഭാഷ ഉപയോഗിക്കുക. അവർ നമ്മുടെ ബന്ധുക്കളും അമ്മയും സഹോദരിയും സുഹൃത്തുക്കളും മക്കളും ഒക്കെയാണ് എന്ന നിലയിൽ വേണം പെരുമാറാൻ. അതുപോലെ ബസ്സിൽ കയറുന്ന യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. നിയമം അത് അനുവദിക്കുന്നുണ്ട്. പുരോഗതിയുള്ള രാജ്യത്തിലെ പുരോഗമന സംസ്കാരത്തിന്റെ ആളുകളാണ് മലയാളികൾ. കൂടെ വരുന്നത് സഹോദരിയാണോ കാമുകിയാണോ ഭാര്യയാണോ എന്ന് ചോദിക്കേണ്ട കാര്യം കണ്ടക്ടർക്ക് ഇല്ല. യാത്രക്കാർ വണ്ടിയിൽ കയറണമെന്നേ നമുക്കുള്ളൂ. കൊണ്ട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. രാത്രി 8 മണി കഴിഞ്ഞാൽ സ്ത്രീകൾ എവിടെ നിർത്താൻ ആവശ്യപ്പെട്ടാലും അവിടെ വണ്ടി നിർത്തണം. ഇതിന്റെ പേരിൽ നിങ്ങൾക്ക് എതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. മന്ത്രി വീഡിയോയിൽ പറയുന്നു
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നവരെക്കുറിച്ചും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ച് ജോലിക്ക് വരരുത്.
മദ്യപിക്കുന്നത് കുറ്റമല്ല. എന്നാൽ ഡ്യൂട്ടിക്ക് മദ്യപിച്ച് വരരുത്. മദ്യപിച്ചു കഴിഞ്ഞാൽ അതിന്റെ ഗന്ധം ബസ്സിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. അന്ന് അല്ലെങ്കിൽ തലേന്ന് കഴിച്ച മദ്യത്തിന്റെ ദുർഗന്ധം സ്ത്രീകൾക്കും കുട്ടികൾക്കും സഹിക്കാൻ പറ്റുന്നതല്ല. കൊണ്ട് ഡ്യൂട്ടിക്ക് മദ്യപിച്ച് വന്ന് നമ്മുടെ വില കളയരുത്. മന്ത്രി വീഡിയോയിൽ പറയുന്നു.