ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും.
റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക് ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
പ്രതിരോധാരോഗ്യ സേവനങ്ങൾ, ബോധവത്കരണ ക്യാമ്പയിനുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്.
25 വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ക്ളാസെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാവുക.
ഓരോ മെഡിക്കൽ ബാച്ചിനെയും റോഡ് സുരക്ഷയിൽ പ്രതിബദ്ധരാക്കുകകയാണ് ലക്ഷ്യം.
മെഡിക്കൽ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, വിദ്യാർത്ഥി നേതൃശേഷി, സമൂഹപങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യമാതൃകയായിരിക്കും ഇത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ നെറ്റ്‌വർക്ക് സൃഷ്ടിക്കും. പരിശീലനം ലഭിച്ച സ്റ്റുഡന്റ് അംബാസഡർമാരുടെ നെറ്റ്‌വർക്ക് രൂപപ്പെടുത്തും.
പൊതുജനാരോഗ്യം, ക്ലിനിക്കൽ പരിചരണം, സാമൂഹ്യപ്രവർത്തനം എന്നീ മൂന്ന് ഘടകങ്ങളെയും ബന്ധിപ്പിക്കുന്ന റോൾ മോഡലുകളായി വിദ്യാർത്ഥികളെ മാറ്റുക.
ആവശ്യമായ ഉപദേശം, റഫറൽ, പിന്തുടർച്ചാ പരിചരണം എന്നിവ നൽകി ആലപ്പുഴ മെഡിക്കൽ കോളേജിനെ പ്രതിരോധാരോഗ്യ കേന്ദ്രമാക്കുക.
മെഡിക്കൽ കോളേജിനെ ജില്ലാ റോഡ് സുരക്ഷാ സമിതിയിലെ കേന്ദ്ര പങ്കാളിയായി നിലനിറുത്തി ശുപാർശകൾ നൽകും.
മറ്റ് മെഡിക്കൽ കോളേജുകൾക്കും സർവകലാശാലകൾക്കും പിന്തുടരാവുന്ന രീതിയിൽ ഡാറ്റ, ഗവേഷണം, മികച്ച മാതൃകകൾ എന്നിവ തയ്യാറാക്കും.
English Summary :
Medical students to become road safety ambassadors.
As part of efforts to reduce road accident risks, the state’s first Road Safety Clinic will start functioning today at Alappuzha Government T.D. Medical College.