ന്യൂസ്‍ ഡസ്ക്ക്: മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ല് ഓസ്ട്രേലിക്കെതിരായ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോൾ മുതലാണ് രോഗബാധിതനായത്. ആദ്യം കടുത്ത പനി, തുടർന്ന് ക്ഷീണിതനായി. പക്ഷെ ടീം ഡോക്ടർമാരുടെ സഹായത്തോടെ താരം പരിശീലന മത്സരത്തിന് എത്തിയിരുന്നു. ഡോക്ടറുടെ നിർദേശാനുസരണം മാസ്ക്ക് ധരിച്ചായിരുന്നു പരിശീലനം. പനിയ്ക്ക് കുറവില്ലാത്തതിനാൽ ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച്ച പുലർച്ചെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ, ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നു വീണ്ടും ഗില്ലിനായി മെഡിക്കല്‍ പരിശോധനകളുണ്ട്. ഇതിനു ശേഷമാകും ആദ്യമത്സരത്തില്‍ ഗില്ലിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്ന തീരുമാനം ഉണ്ടാകൂ. കൊതുക് മൂലമാണ് രോഗം പടരുന്നത്. അത് കൊണ്ട് തന്നെ മറ്റ് അംഗങ്ങൾക്ക് എതേങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ശുഭ്മാന്‍ ഗില്ല് കളിക്കാൻ ഇല്ലെങ്കിൽ ഓപ്പണറായി ക്യാപ്റ്റൻ രോഹിത് ശർമയോടൊപ്പം ഇഷാൻ കിഷൻ ഇറങ്ങാനാണു സാധ്യത.
ശുഭ്മൻ ഗിൽ ഈ വർഷം ആദ്യം ന്യൂസീലൻഡിനെതിരെ ഡബിൾ സെഞ്ചറി നേടിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതോടെ താരം ടീമില്‍ ഇടം ഉറപ്പിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ 890 റൺസുമായി റൺവേട്ടയിൽ താരം മുന്നിലെത്തിയിരുന്നു.302 റൺസുമായി ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണു താരത്തിന്റെ അവസാന ഇന്നിങ്സുകളിലെ സ്കോറുകൾ. ഇഷാൻ കിഷൻ ഇറങ്ങിയില്ലെങ്കിൽ, കെ.എൽ. രാഹുലിനെ ഓപ്പണിങ്ങിൽ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പരുക്ക് ഭേദമായ ശേഷമാണ് ലോകകപ്പിനായി ടീമിൽ ചേർന്നത്. ഏഷ്യാകപ്പിനിടെ അക്ഷർ പട്ടേലിനു പരുക്കേറ്റതോടെ, വെറ്ററൻ സ്പിന്നർ ആര്‍. അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി.