ലക്ക്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനാല് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഉത്തർപ്രദേശിലെ തന്നെ ഔറയ്യ ജില്ലയിലെ ദിലീപ് എന്ന യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ദിലീപിൻറെ ഭാര്യ പ്രഗതി യാദവും, അനുരാഗ് യാദവ് എന്ന യുവാവും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നു. പക്ഷെ യുവതിയുടെ വീട്ടുകാർ ഈ പ്രണയത്തെ എതിർക്കുകയും, പകരം ദിലീപുമായുള്ള വിവാഹം നടത്തുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
ഈ മാസം 19 നാണ് യുവാവിനെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആദ്യം ബുദുനയിലെ കമ്മ്യൂണിറ്റി സെൻററിൽ എത്തിച്ച ദിലീപിൻറെ നില ഗുരുതരമായതിനെ തുടർന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് ദിലീപിൻറെ സഹോദരൻ നൽകിയ പരാതിയെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ വിവരം പുറത്തായത്. വിവാഹ ശേഷം കാമുകനായ അനുരാഗിനെ കാണാൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
രണ്ട് ലക്ഷം രൂപയ്ക്ക് രാമാജി ചൗധരി എന്ന ഗുണ്ടയെയാണ് ഇവർ ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറഞ്ഞു. കൊലപാതകക്കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്.