“” തല വെട്ട്,
കാലും കൈയ്യും
ഒരുമിച്ച് വെട്ട്….. “
“അക്കരെയക്കരെയക്കരെ ” എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതും, മോഹൻലാലും ശ്രീനിവാസനും മാറി നിന്നു കേൾക്കുന്നതുമായ ഒരു കോമഡി സീനായിരുന്നു…
എന്നാൽ പിന്നീട് നമ്മുടെ കടകളുടെ തിണ്ണകളിലും, വീടുകളുടെ ബാൽക്കണികളിലും, അടച്ചിട്ട മുറികളിൽ നിന്നും , വിജനമായ വഴികളിൽ നിന്നുമൊക്കെ ഇതു കേട്ടു. “പബ്ജി ” എന്ന ഓൺലൈൻ ഗെയ്മിൻ്റെ അടിമകളായിരുന്നു അത്.
പബ്ജി നിരോധിച്ചതോടെ അത് നിന്നു. ഇപ്പോൾ വീണ്ടും അത് കേട്ട് തുടങ്ങിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ്റെ മാർകോ കണ്ടിറങ്ങിയവരാണ് ഇവർ.
പബ്ജിയും ഫ്രീ ഫയറും പോലെ തീവ്ര വയലൻസ് ഉള്ള കാർട്ടൂൺ പോലൊരു സിനിമ മാത്രമാണ് മാർകോ. എ.ഐ കഥാപാത്രത്തെ പോലെ അഴിഞ്ഞാടുന്ന ഉണ്ണി മുകുന്ദൻ ആണ് കേന്ദ്രകഥാപാത്രം.
മാളികപ്പുറം എന്ന സിനിമയിലൂടെ അയ്യപ്പപരിവേഷം കിട്ടിയ നടൻ തനി രാവണനായി മാറേണ്ട കാര്യമുണ്ടായിരുന്നോ എന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്. വയലൻസിൻ്റെ അങ്ങേയറ്റം എന്നാണ് മാർക്കോ സിനിമക്ക് നൽകുന്ന വിശേഷണം.
ശരിയാണ് പബ്ജി കളിച്ച് മാനസിക വിഭ്രാന്തിയിലായവർക്ക് ഗെയിം കളിക്കാത്തതിൻ്റെ വിഷമം ഈ സിനിമ കണ്ട് തീർക്കം. എന്തിനാണ് ഈ സിനിമയിൽ ഇത്രയധികം വയലൻസ്. ഇതു കൊണ്ട് ആർക്കാണ് പ്രയോജനം. എന്താണ് ഈ സിനിമ കൊണ്ട് സമൂഹത്തിന് ലഭിക്കുന്ന സന്ദേശം. ഇതിനൊക്കെ മാർക്കോയുടെ അണിയറ പ്രവർത്തകർ മറുപടി പറയേണ്ടി ഇരിക്കുന്നു.
എ സർട്ടിഫിക്കറ്റ് നൽകിയതുകൊണ്ട് കുട്ടികളാരും തീയറ്ററിൽ പോയി വയലൻസ് കണ്ടു പഠിക്കില്ലെന്ന് തത്കാലം ആശ്വസിക്കാം. പക്ഷെ സിനിമ ഒ.ടി.ടിയിൽ എത്തുമ്പോൾ കുട്ടികൾ ഈ സിനിമ തീർച്ചയായും കാണും. കുഞ്ഞുമനസുകളിൽ ഉണ്ണി മുകുന്ദൻ്റെ വയലൻസ് ഇടം പിടിക്കുക തന്നെ ചെയ്യും.
എന്നാൽ ഭൂരിഭാഗം പ്രേക്ഷകർക്കും മാർക്കോ അത്ര സ്വീകാര്യമായില്ല എന്നതാണ് യാഥാർഥ്യം. ചിത്രത്തിലെ ക്രൂരത കണ്ട് തിയേറ്ററിൽ സ്ത്രീ ശർദ്ദിച്ചുവെന്ന് പറഞ്ഞ് യുവാവ് രംഗത്തെത്തിയത് അതിന് ഏറ്റവും വലിയ തെളിവാണ്.
ഉത്തരേന്ത്യക്കാരനായ സൂരജ് എന്ന പ്രേക്ഷകനാണ് സിനിമയിലെ വയലൻസ് പ്രേക്ഷകരെ എങ്ങനെ ബാധിക്കുന്നുവെന്ന് പ്രതികരിച്ചത്. ”മാർകോ എന്ന സിനിമ കണ്ടു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തൊട്ട് അടുത്തിരുന്ന സ്ത്രീ എന്റെ ഉടുപ്പിലേക്ക് ഛർദ്ദിക്കുകയായിരുന്നു. അനിമൽ, കിൽ എന്നീ സിനിമകളിലെ ഭീകരത മാർക്കോയ്ക്ക് താഴെയേ വരൂ.”എന്നാണ് സൂരജ് പറഞ്ഞത്.
ഇന്ത്യൻ സിനിമയിൽ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞു കുട്ടിയെ വരെ കാലിൽ പിടിച്ച് തൂക്കിയെടുക്കുന്ന സീൻ വരെ സിനിമയിലുണ്ട്. കുഞ്ഞ് കുട്ടികളോട് വരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ വയലൻസ് ഗെയിമുകളിൽ മാത്രമാകും കണ്ടിരിക്കുക.
മാർക്കോ എന്ന വില്ലൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ മിഖായേൽ എന്ന ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്ക് ശേഷം മാർക്കോയുമായി എത്തിയത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബോക്‌സ് ഓഫീസിൽ 50 കോടിയും പിന്നിട്ട് പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. കേരളത്തിൽ മാത്രമല്ല, ഹിന്ദിയിലും സിനിമ ചർച്ചയാകുന്നുണ്ട്. ഹിന്ദിയിൽ 140 ഷോകൾ വർദ്ധിച്ചിട്ടുണ്ട്.
ഇതിനിടെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി. മാർക്കോ 2 തീർച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോൾ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാൻവാസിൽ വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹനീഫ് അദേനി വ്യക്തമാക്കിയിരിക്കുന്നത്.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ.
“ഇത് എല്ലാവരുടെയും കപ്പ് ചായയല്ല,” റിവ്യൂകളിൽ നിരവധി തവണ കേട്ടിട്ടുള്ള ഒരു വാചകമാണ് ഇത്. മാർക്കോയെപറ്റി എഴുതുമ്പോൾ ഈ വാചകം തന്നെ കടമെടുക്കാം. വൻ വിജയമാണെങ്കിലും ഈ സിനിമയെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കേണ്ട ചിലതുണ്ട്. ഹനീഫ് അദേനി രചനയും സംവിധാനവും നിർവ്വഹിച്ച മാർക്കോയിൽ അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ്ണമായും വിജയിച്ചില്ല എന്നു പറയാം, എന്നാൽ മൊത്തത്തിൽ നഷ്ടമായിട്ടുമില്ല.
ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന മാർക്കോ തൻ്റെ സഹോദരൻ വിക്ടറിൻ്റെ കൊലപാതകത്തിന് ശേഷം പ്രതികാരദാഹിയായി മാറുന്നതാണ് ഇതിവൃത്തം. ആകെയുള്ളത് വയലൻസ് മാത്രം കഥക്ക് സിനിമയിൽ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല. ആവശഅയമില്ലാത്ത വലിച്ചു നീട്ടലുകൾ പലയിടത്തും കാണാം. അമിതമായ ഗ്രാഫിക്സും സ്ലോമോഷനും രസംകൊല്ലിയായിട്ടുണ്ട്. ചില സമയത്തെങ്കിലും ഇത് സിഗരറ്റ് കമ്പനിയുടെ പരസ്യമാണോ എന്നുവരെ തോന്നും.
ജോർജ്ജ് പീറ്റർ സർവാധിപതിയായി അടക്കി വാഴുന്ന കുടുംബത്തിൽ തികഞ്ഞ ആജ്ഞാനുവർത്തിയായി നിലകൊള്ളുന്ന ഒരുവനാണ് മാർക്കോ. അടാട്ട് കുടുംബത്തിലെ അനുസരണയുള്ള നായ എന്നവിശേഷണം എന്തുകൊണ്ടും ഇണങ്ങും. ജോർജ്ജിന് രണ്ട് സഹോദരങ്ങളുണ്ട്. ആൻസിയും വിക്ടറും. ജോർജ്ജിന്റെ അപ്പൻ മാർക്കോ സീനിയർ ആ കുടുംബത്തിലേക്ക് എടുത്തു വളർത്തിയ കുട്ടിയാണ് മാർക്കോ. ജോര്ജ്ജും വിക്ടറും ഒഴികെ അടാട്ട് കുടുംബത്തിലെ മറ്റാർക്കും മാർക്കോയോട് വലിയ സ്നേഹമൊന്നുമില്ല. കാരണം അയാളുടെ എന്തിനും പോന്ന സ്വഭാവം തന്നെയാണ്.
”യു ആർ ഡീലിങ്ങ് വിത്ത് ദ് റോങ്ങ് റോങ്ങ് പഴ്‌സൺ’ എന്ന ഡയലോഗും വിരലിലിൽ ചുറ്റിത്തിയിരിയുന്ന പിസ്റ്റളുമായി മാർക്കോയുടെ എൻട്രി മേക്കിംഗിന്റെ അപാരതയെ സൂചിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് മുമ്പുള്ള സാത്താന്റെ സമാനമായ ആക്ഷൻ. നായകന്റെ ഹീറോയിസം കാണിക്കാൻ മാത്രമായി ഒരു സീനും എഴുതി ചേർത്തിട്ടില്ല എന്നു പറയാം.
ജോർജ്ജ് പീറ്ററായി സിദ്ദിഖ് കഥാപാത്രത്തിന്റെ ഗാംഭീര്യവും ക്രൂരതയുമെല്ലാം വളരെ വിശാലമായി തന്നെ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ജോർജ്ജ് പീറ്ററിന്റെ ബിസിനസ് പങ്കാളിയായി ടോണി ഐസക് എന്ന കഥാപാത്രമായി ജഗദീഷും തിളങ്ങിയിട്ടുണ്ട്.
ടോണി ഐസക്കിന്റെ മകൻ റസ്സലിനെ അവതരിപ്പിച്ച പുതുമുഖം അഭിമന്യു ഷമ്മിയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. നടൻ ഷമ്മി തിലകന്റെ മകന് അഭിനയം വഴങ്ങിയില്ലെങ്കിലേ അതിശയമുള്ളൂ. അരങ്ങേറ്റം ഗംഭീരമാക്കിയതിലൂടെ തിലകന്റെ കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് ഒരാൾ കൂടി എന്നു പറയാം.