കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ പ്രതിയുടെ ആക്രമണത്തിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കും അടക്കം ഒട്ടേറെ പേർക്ക് പരിക്ക്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ശ്രീകുമാർ (40) ആണ് സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് കുത്തുകയും ജയിൽ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തത്.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ സഹ തടവുകാരായ എം.മനു (36), ജയിൻ സാം (31), അസി. പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ (31), രാമചന്ദ്രൻ (36) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് ജയിൽ അധികൃതർ പറയുന്നത് ഇങ്ങനെയാണ് : പിടിച്ചുപറിക്കേസിൽ പുനലൂരിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ കൊണ്ടുവന്നത്. ജയിലിൽ എത്തിയ അന്നുമുതൽ ഇയാൾ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്യുമായിരുന്നു. വ്യാഴാഴ്ച രാത്രി സഹതടവുകാരനായ രാജേഷിനെ അകാരണമായി ശ്രീകുമാർ മർദിച്ചു.
ശല്യം സഹിക്കാതെ ഇയാളെ കഴിഞ്ഞദിവസം എഫ്-സെല്ലിലേക്കു മാറ്റിയിരുന്നു. സെല്ലിനുള്ളിൽ വെച്ച് ഇയാൾ മനു എന്ന തടവുകാരനെ മർദിച്ച ശേഷം കൈയിൽ കരുതിയിരുന്ന കുപ്പിച്ചില്ലുമായി കഴുത്തിലും ദേഹത്തും വരയുകയും ചെയ്തു. തടയാൻ ശ്രമിച്ച അസി. പ്രിസൺ ഓഫീസർമാരെയും മറ്റു തടവുകാരെയും മർദിച്ചു. പോരാത്തതിന്ജയിൽ ഉദ്യോഗസ്ഥരെ ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു . ഒടുവിൽ കൂടുതൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്ന് ശ്രീകുമാറിനെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടയാളാണ് ഇയാൾ. മാവേലിക്കരയിൽ പോലീസുകാരെ കുത്തിയ കേസിൽ പ്രതിയാണെന്നും സെൻട്രൽ ജയിലിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ജയിൽ ഡി.ജി.പി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകി.കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.