പ്രതീക്ഷിച്ചതിലുപരി പ്രേക്ഷക സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ലഭിച്ചത്. തമിഴ്‌നാട്ടിലും കർണാടകയിലും തുടങ്ങി നോർത്ത് അമേരിക്കയിൽ വരെ പല റെക്കോർഡുകളും തകത്താണ് സിനിമ മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതിയിരിക്കുകയാണ്. ആഗോളതലത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.
കേരളത്തിൽ 2018 ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ടോവിനോ ചിത്രം 2018 നെയാണ് 21 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 175 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷൻ. 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തൃച്ചിയിൽ മാത്രം ഒരു കോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു.