തിരുവനന്തപുരം: 32 പേരുടെ മരണത്തിന് ഇടയാക്കിയ കല്ലുവതുക്കൽ വ്യാജമദ്യ ദുരന്ത കേസിൽ കോടതി ശിക്ഷിച്ച മണിച്ചന്റെ നികുതി കുടിശിക എഴുതി തള്ളാൻ നീക്കം. ഇരുപത് കോടിയോളം വരുന്ന വിൽപ്പന നികുതി കുടിശിക എഴുതി തള്ളാനുള്ള ശുപാർശ വാണിജ്യ നികുതി കമ്മിഷണർ സർക്കാരിന് നൽകി. ഇളവ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് നേരത്തെ മണിച്ചൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവിശ്യം ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് സർക്കാർ തലത്തിൽ നീക്കം നടന്നത്. ഹൈക്കോടതി വിസമ്മതിച്ച തുക സർക്കാർ പൂർണമായും ഒഴിവാക്കി കൊടുക്കും.
കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തക്കേസിൽ പ്രതിയായപ്പോൾ തന്നെ മണിച്ചന്റെ വസ്തുവകകൾ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്ത് പിടികൂടി. ഈ രേഖകൾ പ്രകാരം മണിച്ചൽ നികുതി വെട്ടിപ്പും നടത്തിയെന്ന് വ്യക്തമായി. അന്നത്തെ തുക പ്രകാരം എട്ട് കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.ഇതിന് ഇളവ് വേണമെന്ന് 2007ലാണ് മണിച്ചൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അന്ന് ജസ്റ്റിസായിരുന്ന തോട്ടത്തിൽ രാധാകൃഷ്ണൻ്റെ ബെഞ്ചും, ഡിവിഷൻ ബെഞ്ചും ഹർജി തള്ളി. 15 വർഷം എത്തുമ്പോൾ പലിശ സഹിതം കുടിശ്ശിക നേരെ ഇരട്ടിയിലധികം ആയിട്ടുണ്ട്. ഇതാണ് എഴുതിത്തള്ളാൻ നീക്കം തുടങ്ങിയത്.
തുക ഒടുക്കാനാവില്ലെന്നും വരുമാന മാർഗം ഒന്നുമില്ലെന്നും കാണിച്ച് മണിച്ചൻ്റെ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ നികുതി വകുപ്പിൻ്റെ ശുപാർശ എന്നാണ് സൂചന. കഴിഞ്ഞയാഴ്ച അയച്ച ശുപാർശയുടെ ഫയൽ മേൽ തട്ടിലേയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലിന് മുന്നിലെത്തുന്ന ഫയലിൽ മന്ത്രിസഭയാണ് തീരുമാനം എടുക്കേണ്ടത്.
22 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2022 ഒക്ടോബർ 22ന് ജയിൽ മോചിതനായ മണിച്ചൻ ഇപ്പോൾ സ്വദേശമായ ആറ്റിങ്ങളിൽ പഴകച്ചവടം ചെയ്യുകയാണ്.
Read Also : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു : ജാഗ്രത നിർദേശം