തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്.(man trapped in a landslide in Neyyatinkara was rescued)
ഹിറ്റാച്ചി ഡ്രൈവര്‍ക്ക് വെള്ളം നല്‍കുന്നതിനിടെ മണ്ണിടിഞ്ഞ് ഷൈലന്‍ അടിയില്‍പ്പെടുകയായിരുന്നു. ഷൈജന്‍ മണ്ണിനടിയില്‍പ്പെട്ട ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ആനാവൂര്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ ശ്രമിച്ച ശേഷമാണ് ഷൈലനെ പുറത്തെടുത്തത്.
പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയുടെ തലമുതല്‍ അര വരെയുള്ള ഭാഗം പുറത്തെത്തിച്ചിരുന്നു. അപകടത്തില്‍ ഷൈലന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.