വെറും 3 ഗ്ലാസ് കുടിച്ചാൽ മതി, പിന്നെ പറന്നു നടക്കാം. നാട്ടുകാർക്ക് വീര്യം കൂടിയ അനധികൃത വൈൻ വിൽപ്പന നടത്തിയ വിരുതൻ ഒടുവിൽ പിടിയിൽ. പാലാ പിഴക് മുതുപ്ളാക്കൽ വീട്ടിൽ റെജി തോമസ് എന്നയാളാണ് പാലാ എക്സൈസ് റേഞ്ച് ടീം വച്ച കെണിയിൽ കുടുങ്ങിയത്. (Man arrested in kottayam pala for sale fake liquor)
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ വൈൻ പിടികൂടിയത്. റെയ്ഡിൽ 67.5 ലിറ്റർ വീര്യംകൂടിയ അനധികൃത വൈൻ പിടികൂടി.
പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം SM fruits and cool bar സ്ഥാപനത്തിൻ്റെ മറവിലായിരുന്നു വൈൻ വില്പന. ഒരു ഗ്ലാസ് വൈന് 40 രൂപ നിരക്കിലായിരുന്നു വിൽപ്പന. മൂന്നു ഗ്ലാസ് വൈൻ കുടിച്ചാൽ മദ്യം കഴിക്കുന്നതിന് സമാനമായ ലഹരി ലഭിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ വൈൻ ആയിരുന്നു വിൽപ്പന നടത്തിയിരുന്നത്.
145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച് സമാനമായ കുറ്റം നടത്തിയതിന് 2020ൽ പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ R, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.