എട്ട് മാസത്തിനു ശേഷം കേരളത്തിലെത്തി മെഗാസ്റ്റാർ;‘വെൽക്കം ബാക്ക് മമ്മൂക്ക’ – ആരാധക ഹൃദയത്തിൽ ആവേശം
എട്ട് മാസത്തെ വിദേശവാസവും ചികിത്സയും പിന്നിട്ട് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി നാട്ടിലെത്തി.
സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെക്കുന്ന ചെറു സന്ദേശങ്ങളും ചിത്രങ്ങളും പോലും തരംഗമാകുന്ന സമയത്ത്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മമ്മൂക്കയെ നേരിൽ കണ്ട ആരാധകർക്ക് അതിയായ സന്തോഷ നിമിഷങ്ങളായിരുന്നു.
‘വെൽക്കം ബാക്ക് മമ്മൂക്ക’ – ആരാധകരുടെ ആവേശം
വിമാനത്താവളത്തിലെത്തിയപ്പോഴുണ്ടായ ആരാധക ആവേശത്തിലേക്ക് മമ്മൂട്ടി കൈവീശിയാണ് മറുപടി നൽകിയത്. “വെൽക്കം ബാക്ക് മമ്മൂക്ക” എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കെ, അത്യന്തം ലളിതമായി “നന്ദി” എന്നായിരുന്നു നടന്റെ പ്രതികരണം.
ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കേരളത്തിന്റെ മണ്ണിൽ വീണ്ടും കാൽവെക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലായിരുന്ന മമ്മൂട്ടി, ചെന്നൈ വഴിയായിരുന്നു കൊച്ചിയിലെത്തിയത്.
പുതിയ ലാൻഡ് ക്രൂയിസർ ഓടിച്ച് വീട്ടിലേക്ക്
വിമാനത്താവളത്തിൽ നിന്നും തന്റെ പുതിയ ലാൻഡ് ക്രൂയിസർ എസ്‌യുവി സ്വയം ഓടിച്ചാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത് എന്നതും ആരാധകർ ആവേശത്തോടെ ചര്‍ച്ച ചെയ്ത വിഷയമായി.
യാത്രയിൽ ഭാര്യ സുൽഫത്ത്, നിർമാതാവ് ആന്റോ ജോസഫ്, അൻവർ സാദത്ത് എം.എൽ.എ എന്നിവരും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് മമ്മൂട്ടി ചെന്നൈയിലേക്ക് പോയത്. തുടർന്ന് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി ചികിത്സയ്ക്കായി കുറേക്കാലം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ‘പാട്രിയറ്റ്’ ഷൂട്ടിംഗിനിടെയാണ് ചികിത്സ വേണമെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ മാസം തന്നെ മമ്മൂക്ക പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തി എന്ന സന്തോഷവാർത്ത പ്രേക്ഷകർക്ക് അറിയിച്ചു കൊണ്ടു നിർമാതാവ് ആന്റോ ജോസഫും നടന്റെ അടുത്ത സുഹൃത്ത് ജോർജും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
17 വർഷങ്ങൾക്ക് ശേഷം ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്നു -‘പാട്രിയറ്റ്’ മലയാള സിനിമയിൽ വലിയ മൾട്ടിസ്റ്റാർ റീയൂണിയൻ.
17 വർഷങ്ങൾക്ക് ശേഷം മലയാള സിനിമ പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്’.
ഇരുവരെയും ഒരുമിച്ച് വെള്ളിത്തിരയിൽ വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയും മോഹൻലാലും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമയിൽ വമ്പൻ തിരിച്ചുവരവ് ആകാനാണ് ‘പാട്രിയറ്റ്’ ഒരുങ്ങുന്നത്.









