മംഗലൂരു: ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂര്‍ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം.(Malayali pilgrims car accident in Udupi; 7 people were injured)
പരിക്കേറ്റവരിൽ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയിലാണ്. റിട്ട. അധ്യാപകനായ അന്നൂര്‍ സ്വദേശി വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.
അപകടത്തിൽ പരിക്കേറ്റ മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോകാനായി മലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു.