ഒമ്പത് ദിവസത്തിന് ശേഷം ലഭിച്ച നീതി; കന്യാസ്ത്രീകൾ പുറത്തിറങ്ങി
റായ്പുർ: ഛത്തീസ്ഗഡിൽ ജയിലിലായിരുന്ന മലയാളി കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങി. ബിലാസ്പൂർ എൻഐഎ കോടതി ഇരുവർക്കും അല്പസമയം മുൻപ് ജാമ്യം അനുവദിച്ചിരുന്നു. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലായിരുന്നു.ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ജയിലിലായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് സാധാരണ ഉപാധികളോടെ. കർശനമായ ഉപാധികളില്ലാതെ, സാധാരണയായി കോടതികൾ മുന്നോട്ട് വെക്കുന്ന മൂന്ന് വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. ഈ വിധി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ അറിയിച്ചു.
ജാമ്യവ്യവസ്ഥകൾ:
ഓരോരുത്തർക്കും ₹50,000 തുകയ്ക്കുള്ള ആൾജാമ്യം
പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം
രാജ്യവിട്ടുപോകാൻ അനുവദിക്കില്ല
ബിലാസ്പുർ എൻഐഎ കോടതിയിലെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യവിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഒൻപത് ദിവസമായി ജയിൽവാസത്തിലായിരുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസ് (കണ്ണൂർ) സിസ്റ്റർ പ്രീതി മേരി (അങ്കമാലി) എന്നിവർ ഇന്ന് തന്നെ മോചിതരാകുമെന്നാണു പ്രതീക്ഷ.
കേസിന്റെ പശ്ചാത്തലം:
ദുർഗ് റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി മൂന്നു യുവതികളോടൊപ്പം സിസ്റ്റർമാർ എത്തിയപ്പോഴാണ് ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു വെച്ച് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന പേരിൽ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലീസ് ഇരുവർക്കും ഗൗരവമായ വകുപ്പുകൾ ചുമത്തിയ്‌ക്കൊണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കുറ്റങ്ങൾക്ക് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
വാദങ്ങൾ:
കോടതിയിൽ ഹാജരായ അഭിഭാഷകൻ അമൃതോ ദാസ്, യുവതിയ്ക്ക് അഞ്ചാം വയസ്സിൽ തന്നെ മതപരിവർത്തനം നടന്നതാണെന്നും, ജോലിക്കായി കൊണ്ടുപോകുന്നതിനുള്ള രേഖകൾ പൂർണ്ണമായി കൈവശമുണ്ടെന്നും വ്യക്തമാക്കി. അതിനാൽ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ജാമ്യത്തിനായി വാദിച്ചു.
നിയമ പോരാട്ടം തുടരും:
ജാമ്യം ലഭിച്ചെങ്കിലും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ, എഫ്ഐആർ റദ്ദാക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. കേസ് ഇപ്പോഴും അന്വേഷണനത്തിലാണെന്നും, പ്രോസിക്യൂഷൻ ഇതുവരെ ജാമ്യത്തിന് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി രേഖപ്പെടുത്തിയിരുന്നു.
മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച് കോടതി.
ബിലാസ്പൂർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ് ഇരുവരും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്.
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ സമയത്ത് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.
പ്രായപൂർത്തിയായ പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത്.
മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാൻ എൻഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ വാദിക്കുകയായിരുന്നു. ഇത് അഡിഷനൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു.
ആദ്യം കേസ് പരിഗണിച്ച മജിസ്ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞ് ജാമ്യാപേക്ഷ തള്ളി. ഇതോടെ കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ആണ് ഉയർന്നിരുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചിരുന്നു.
English Summary:
Two Malayali nuns arrested in Chhattisgarh over allegations of human trafficking and forced religious conversion have been granted bail by the Bilaspur NIA court after spending nine days in jail.









