ബംഗളൂരു: വിനോദയാത്രയ്ക്കായി കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാണാതായ മലയാളി വയോധികനെ കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂരിലെ ‘തീരം’ കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കം പാറയിലെ പാറവളപ്പിൽ ബാലൻ ചെട്ട്യാരെയാണ് ബംഗളൂരുവിൽ നിന്നുതന്നെ കണ്ടെത്തിയത്. വളന്റിയർമാരടക്കം 29 അംഗങ്ങളടങ്ങുന്ന സംഘം ഫെബ്രുവരി 27ന് പുലർച്ചയാണ് കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) ബംഗളൂരുവിലെത്തിയത്.
എന്നാൽ, ബാലൻ ചെട്ട്യാരെ ട്രെയിനിൽവെച്ച് കാണാതാവുകയായിരുന്നു. നാലു ദിവസങ്ങൾക്കുശേഷം കെങ്കേരിയിൽ വെച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്. ശേഷം ബാലൻ ചെട്ട്യാരെ വിമാനമാർഗം നാട്ടിലെത്തിച്ചു.
മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി വിക്രമൻ എന്ന റെക്സ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് തിരുവനന്തപുരം മഞ്ചവിളാകത്തിനു സമീപം കൂട്ടുവിളാകത്തായിരുന്നു അപകടം.
ചരുവിളാകത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം മുറിച്ച് നീക്കാൻ വന്നതായിരുന്നു ഇയാൾ. സേഫ്റ്റി ബെൽറ്റ് ധരിച്ച് കയറി മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്ന് വിക്രമന്റെ പുറത്ത് അടിക്കുകയായിരുന്നു .
വിക്രമൻ സേഫ്‌റ്റി ബെൽറ്റ് ധരിച്ചിരുന്നതിനാൽ മരണ ശേഷവും ബെൽറ്റിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിൻകര അഗ്നിശമന സേന സ്ഥലത്തെത്തിയാണ് മൃതദേഹം നിലത്തിറക്കിയത്. ശേഷം മൃതദേഹം നെയ്യാറ്റിൻകര സർക്കാർ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.