മലപ്പുറം: വിവാഹാവശ്യത്തിനായുള്ള പണത്തിനായി വീട്ടിൽ നിന്നും പോയതിനെ തുടർന്ന് കാണാതായ വിഷ്ണുജിത്തിന്റെ ടവർ ലൊക്കേഷൻ ഊട്ടിയിലെ കുനൂരിൽ. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി വ്യക്തമാക്കി.(Malappuram vishnujith missing case)
വിഷ്ണുജിത്തിനെ കാണാതായി ആറു ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് ഫോണ്‍ ഓണ്‍ ആകുന്നത്. ഊട്ടി കുനൂരിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഫോണ്‍ എടുത്തത് വിഷ്ണുജിത്ത് തന്നെയാണെന്നാണ് സഹോദരി പറയുന്നത്.
ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.