ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംസ്കൃതം അധ്യാപകൻ അനിലിനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
റിമാൻഡിൽ കഴിയുന്ന ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തിൽ കൂടുതൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
മൊബൈൽ ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങൾ കേസിലെ ഇരകളുടേതാണോ എന്നത് ഉൾപ്പെടെ വിശദമായ ഫോറൻസിക് പരിശോധന നടക്കുകയാണ്.
സാമൂഹിക മാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) കൗൺസിലിംഗിനിടെ അഞ്ച് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി. സ്കൂൾ പരിസരത്തും അധ്യാപകൻ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയുമാണ് പീഡനം നടന്നതെന്നതാണ് കുട്ടികളുടെ വെളിപ്പെടുത്തൽ.
പ്രധാനമായും യു.പി ക്ലാസുകളിലെ ആൺകുട്ടികളാണ് ഇരകളെന്നാണ് വിവരം.
അഞ്ചു വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലമ്പുഴ പോലീസ് അഞ്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
നോട്ടീസിന് മറുപടി നൽകേണ്ട അവസാന തീയതി ഇന്നാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ് തുടരുകയാണ്.
2025 നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ തന്റെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി, മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
കുട്ടി സുഹൃത്തിനോട് പറഞ്ഞ വിവരം സുഹൃത്തിന്റെ അമ്മ വഴി പുറംലോകമറിഞ്ഞു. ഡിസംബർ 18-ഓടെ സ്കൂൾ അധികൃതർക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിച്ചില്ലെന്ന ആക്ഷേപമുണ്ട്.
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനൊടുവിൽ 2026 ജനുവരി 4-നാണ് അനിലിനെ അറസ്റ്റ് ചെയ്തത്.
English Summary
In the Malampuzha sexual abuse case, investigators found explicit material involving minors on the mobile phone of the arrested Sanskrit teacher Anil, who is currently in remand. Police suspect more children may have been abused.
malampuzha-student-abuse-case-teacher-phone-minor-content
Malampuzha, student abuse case, POCSO, school teacher arrest, cyber forensics, child safety, Kerala news









