മലപ്പുറം: അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകാതിരുന്നത് വിവാദമാകുന്നു. മലപ്പുറം ഹാജിയർപള്ളി മുതുവത്ത് പറമ്പിലാണ് സംഭവം.Mahal committee did not give permission to bury the dead body of second class student
കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ വീണ് മരിച്ച കാരാത്തോട് ജിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കാൻ മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂർ കമ്മിറ്റി അനുവദിക്കാതിരുന്നതാണ് വിവാദമാകുന്നത്. മഹല്ല് കമ്മിറ്റി അനുവാദം നിഷേധിച്ചതോടെ പെരുമ്പറമ്പ് ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.
ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയായ മിറാജുൽ മൊല്ലയുടെ മകൻ റിയാജ് മൊല്ലയുടെ ഖബറടക്കുന്നതിനാണ് മഹല്ല് കമ്മിറ്റി വിലക്കേർപ്പെടുത്തിയത്.
ഖബറടക്കം നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പാണ് മഹല്ല് കമ്മിറ്റി തടസ്സവാദം ഉയർത്തിയത്. വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹല്ല് കമ്മിറ്റി ഖബറടക്കാൻ അനുവാദം നിഷേധിച്ചത്.
ഖബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികൾ പറഞ്ഞു.
ഖബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് മഹല്ല് കമ്മിറ്റി വിവരം അറിയിച്ചതത്രേ. ഈ അന്യസംസ്ഥാന തൊഴിലാളിയുടെ തൊഴിലുടമയായ നാട്ടുകാരൻ പള്ളിയിലേക്ക് വരിസംഖ്യ നൽകിയിരുന്നില്ല എന്നാണ് ഇതിന്റെ കാരണമെന്നാണ് പറയുന്നത്.
കാരണം ഏതായാലും ഇതേ ചൊല്ലി നാട്ടിൽ വലിയ വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു.