ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവെച്ചതായി കണ്ടാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.(Madras High Court order against banned plastic items to Nilgiris)
ഇത്തരം കര്‍ശന നടപടികള്‍കൊണ്ടുമാത്രമേ നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതായി കണ്ടാല്‍ വാഹന ഉടമക്ക് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തണ്ണീര് അറിയിച്ചു. തെറ്റ് ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും.
അതേസമയം ഗതാഗതസ്തംഭനം ഉണ്ടാകുമെന്നതുകൊണ്ട് മുഴുവന്‍ വണ്ടികളും തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് കളക്ടര്‍ അറിയിച്ചു. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.