ഒരു മണിക്കൂർ പോലും അനധികൃത തടങ്കൽ പാടില്ല; ഗുണ്ടാ നിയമം ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി
ചെന്നൈ: ഒരു വ്യക്തിയെ ഒരു മണിക്കൂർ പോലും അനധികൃതമായി തടങ്കലിൽ വയ്ക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ഗുണ്ടാ നിയമം ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ പ്രയോഗിക്കുമ്പോൾ പൊലീസ് സംയമനം പാലിക്കണമെന്നും കോടതി നിർദേശിച്ചു.
ചില പൊലീസ് ഉദ്യോഗസ്ഥർ വ്യക്തികളെ തടവിലാക്കാൻ ഗുണ്ടാ നിയമം തെറ്റായി ഉപയോഗിക്കുന്നുവെന്നും, ഇത് ഭരണഘടന പൗരന് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
യൂട്യൂബർ വരാകിയെ ഗുണ്ടാ നിയമപ്രകാരം തടങ്കലിൽ വച്ചതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ നീലിമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
2025 ഡിസംബർ 13-ന് ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
വാടകയ്ക്ക് നൽകിയ കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ നവംബർ 30-നാണ് വരാകിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഗുണ്ടാ നിയമം ചുമത്തി തടങ്കലിലാക്കുകയായിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, പി. ധനപാൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ഗുണ്ടാ നിയമപ്രകാരം തടങ്കലിൽ വയ്ക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കണ്ടെത്തി വരാകിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
പൗരന്മാർക്കെതിരെ ഗുണ്ടാ നിയമം തെറ്റായി പ്രയോഗിക്കുന്നത് തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഇത്തരം നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, നിയമവിരുദ്ധ തടങ്കൽ ഒരു നിമിഷം പോലും അനുവദിക്കാനാകില്ലെന്നും കോടതി ആവർത്തിച്ചു.
English Summary
The Madras High Court ruled that no individual can be illegally detained even for an hour and cautioned police against the misuse of the Goondas Act. The court termed unlawful detention a violation of fundamental rights guaranteed by the Constitution and granted interim bail to YouTuber Varaki, observing that there were no sufficient grounds for invoking preventive detention laws.
madras-high-court-illegal-detention-goondas-act-warning
Madras High Court, illegal detention, Goondas Act, police misuse, habeas corpus, Varaki case, fundamental rights, Tamil Nadu news









