തിരുവനന്തപുരം: പിണറായി വിജയന്റെ മകളെന്ന നിലയിലാണ് എക്സാലോജികിനെതിരെ കേന്ദ്ര അന്വേഷണം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എക്സലോജികിൽ അന്വേഷണം നടക്കട്ടെ, ആർക്കാ പ്രയാസം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്, ഭയപ്പെടുന്നില്ല, അന്വേഷണം കഴിഞ്ഞ ശേഷം കൂടുതൽ പറയാം. സർക്കാരല്ലേ അന്വേഷിക്കുന്നത്, ഞങ്ങൾക്ക് ബേജാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് നിലപാടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉറച്ച നിലപാട് കേരളത്തിലെ കോൺഗ്രസിന് ഇല്ല. ഇടതുപക്ഷം പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞബദ്ധരാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻ ബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വർഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് വൻ വിജയമായിത്തീർന്നു. അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. പ്രശ്നപരിഹാരത്തിന് പുതിയ ശ്യംഖല തീർത്തിട്ടുണ്ട്. യു ഡി എഫിന്റെ ബദൽ പരിപാടി ജനങ്ങളില്ലാതെ ശുഷ്കമായി. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതികരണത്തിൽ പിന്നിലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും. ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Read Also: 14.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ