തൃശൂർ: തൃശൂർ ഒല്ലൂരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും, നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട പെരുംപെട്ടി സ്വദേശി കെവിൻ തോമസ് (22) നെയാണ് ഒല്ലൂർ പൊലീസ് ഇൻസ്പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
പ്രതി തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ യുവതി ഒല്ലൂർ സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.