ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി ലോറി ഡ്രൈവർ; തിരച്ചിൽ നടത്തി വനം വകുപ്പ്
ഇടുക്കി പാർക്കിനു സമീപം ബുധനാഴ്ച പുലർച്ചെ കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് വനംവകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
ബുധനാഴ്ച പുലർച്ചെ രണ്ടിനു മലപ്പുറത്തു നിന്നും ലോഡുമായി കുമളിക്കു പോയ പിക്കപ് വാൻ ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്.
ഇടുക്കി പാർക്കിനോടു ചേർന്ന് റോഡ് മുറിച്ചു കടന്ന് കടുവ വലതു വശത്തെ കാട്ടിലേക്കു പോകുന്നതായാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു.
പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഇടുക്കി പോലിസിൽവിവരമറിയിച്ചു.
പോലീസ് അറിയിച്ചതനുസരിച്ച് ഉടൻ തന്നെ ഇടുക്കി വനം വകുപ്പ് സ്റ്റേഷനിൽ നിന്നുംവനം ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയില്ല.
രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധനനടത്തി. കടുവയുടെ സാന്നിധ്യമുണ്ടോ എന്ന് വിശദമായ തിരച്ചിൽ നടത്തുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഞ്ഞിക്കുഴിയിൽ പുലിയെ തിരയുന്നതിനായി എരുമേലിയിൽ നിന്നും കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. എട്ടുകിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം ദൃശ്യമാക്കാൻ കഴിയുന്നതാണ് ഡ്രോൺ.
നഗരംപാറ റെയ്‌ഞ്ചോഫീസർ ടി .രഘുലാൽ, ഡെപ്യൂട്ടി റെയ്‌ഞ്ചോഫീസർ കെ.പി.ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റോഫീസർ കെ.ആർ സന്തോഷ്, എന്നിവരുടെ നേതൃത്വത്തിൽ ബി.എഫ്.ഒ മാരായ ആൽബർട്ട് കെ. സണ്ണി, സി അനിത്ത് , ആൽബിൻ, വാച്ചർമാരായ മനു ,ലാലു, തുടങ്ങിയവരടങ്ങുന്ന ടീമാണ് രണ്ടു വിഭാഗമായി തിരച്ചിൽ നടത്തുന്നത്.
കടുവയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വ്യാഴാഴ്ച മൂന്നാറിൽ നിന്ന് ആർ.ആർ. ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്തുമെന്ന് വനം വകുപ്പധികൃതർ പറഞ്ഞു.









