തിരുവനന്തപുരം: മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോർപ്പറേഷൻ നിരസിച്ചതോടെ ലാഭം കൂട്ടാൻ പുതിയ തന്ത്രവുമായി മദ്യകമ്പനികൾ.
പഴയ സാധനം പുതിയ ബ്രാൻഡ് മദ്യമാക്കി വിലകൂട്ടി വിപണിയിലെത്തിക്കുകയാണ് കമ്പനികൾ. നിലവിലെ ജനപ്രിയ ബ്രാൻഡുകൾ പുതിയ പേരിലാക്കിയാണ് വിപണനം എന്നാണ് ആക്ഷേപം.
പുതിയ പേരിൽ മദ്യം വിപണിയിലെത്തിക്കുമ്പോൾ അതിന്റെ രജിസ്‌ട്രേഷനും ലേബലിനും എക്‌സൈസിന് ഫീസ് ഒടുക്കേണ്ടി വരും. പക്ഷെ പഴയ നിലവാരത്തിലുള്ള മദ്യം തന്നെ ഇത്തരത്തിൽ വിലകൂട്ടി വിപണിയിലെത്തിക്കുന്നതിലൂടെ മദ്യ കമ്പനികൾക്ക് വലിയ നേട്ടമാണ് കൊയ്യുന്നത്.
എന്നാൽഗുണനിലവാരം മെച്ചപ്പെടുത്തിയാണ് പുതിയവ ഇറക്കുന്നതെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.
ജനപ്രിയ മദ്യമായ മാജിക് മൊമന്റ്‌സ് വോഡ്ക പ്‌ളെയിൻ ഗ്രേ ഫുൾ ബോട്ടിലിന് 1,120 രൂപയായിരുന്നു. ഇതിപ്പോൾ കാണാനില്ല. പകരം ‘മാജിക് മൊമന്റ് വെർബ്’ എന്നപേരിൽ മറ്റൊന്ന് വിപണിയിലെത്തിയിട്ടുണ്ട്, 1,420 രൂപയാണ് ഇതിന്റെ വില.
ഫുള്ളിന് 400 രൂപ വിലയുണ്ടായിരുന്ന കോണ്ടസ റം ഡാർക്കിന് പകരം കോണ്ടസ പ്രീമിയം ഇറക്കിയപ്പോൾ വില 450 രൂപയായി. എസ്.എൻ.ജെ സാദാ റമ്മിന് 390 രൂപയായിരുന്നത് സിക്‌സർ എന്ന് പേരുമാറ്റിയപ്പോൾ 400 ആക്കി മാറ്റി. ഇത്തരത്തിൽ ബിയറുകളും പേരു മാറ്റി ഇറങ്ങുന്നുണ്ട്.
മദ്യ വിതരണത്തിന് ബെവ്‌കോ ക്ഷണിക്കുന്ന ടെൻഡറിൽ ഒരു ബ്രാൻഡിൻ്റെ ഒരു ലിറ്ററിന്റെ വില കമ്പനിക്ക് നിശ്ചയിക്കാം. പിന്നീട് ഈ മദ്യത്തിൻ്റെ വില കമ്പനിക്ക് കൂട്ടാനാവില്ല.
അതിനുള്ള അധികാരം സർക്കാർ സ്ഥാപനമായ ബെവ്‌കോയ്ക്കാണ്. ബഡ്ജറ്റിൽ മദ്യത്തിന്റെ വില്പന നികുതി വർദ്ധിപ്പിച്ചാൽ അതിനനുസരിച്ച് വില കൂടുമെങ്കിലും അതിന്റെ ഗുണം കമ്പനികൾക്ക് ലഭിക്കില്ല.
ഇത് മറികടക്കാനാണ് പുതിയ പേരിൽ അതേ ബ്രാൻഡ് മദ്യം എത്തിച്ച് അമിത ലാഭം കൊയ്യുന്നത്. ബെവ്‌കോ അവസാനമായി മദ്യവില കമ്പനികൾക്ക് കൂട്ടി നൽകിയത് 2021ലാണ്. ലിറ്ററിന് ഏഴ് രൂപയാണ് കൂട്ടിയത്.
പുതിയ ബ്രാൻഡ് രജിസ്‌ട്രേഷന് എക്‌സൈസിൽ അടക്കേണ്ടത് 50,000 രൂപയാണ്. പ്‌ളാസ്റ്റിക് ബോട്ടിലിന്റെ നിരക്കാണിത്. ഗ്‌ളാസ് ബോട്ടിലിന് ബ്രാൻഡ് രജിസ്‌ട്രേഷൻ ഫീസ് 25,000രൂപ മാത്രം. ലേബൽ രജിസ്‌ട്രേഷന് 25,000 രൂപയും നൽകിയാൽ പുതിയ ബ്രാൻഡ് മദ്യം വിപണിയിലെത്തിക്കാം എന്നാണ് നിയമം.