കൊച്ചി: മുഴുവൻ സ്ഥലങ്ങളിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വാതോരാതെ പറയാറുണ്ട്.
എന്നാൽ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളുമൊക്കെ ഭിന്നശേഷി സൗഹാർദ്ദത്തിന്റെ കാര്യത്തിൽ ഒരുപാട് പിറകിലാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇന്ത്യൻ റെയിൽവേയുടെ വികസനങ്ങൾ സംബന്ധിച്ച് നിരവധി വാർത്തകൾ നൽകാറുള്ള ന്യൂസ് 4 മീഡിയയുടെ ഫെയ്സ് ബുക്ക് പേജിൽ വന്ന ഒരു പ്രതികരണം ഇങ്ങനെ:
നാടിൻ്റെ പുരോഗതി, വേഗതയേറിയ പാതകൾ, സൗകര്യപ്രദമായ യാത്ര സംവിധാനങ്ങൾ വരുന്നത് വളരെ നല്ല കാര്യം തന്നെയാണ്. അത് എല്ലാ വിഭാഗങ്ങൾക്കും ലഭിക്കേണ്ടേ. ഒരു സമൂഹം മാത്രം മാറ്റിനിർത്തുന്നത് ശരിയാണോ.
വീൽചെയറിൽ കഴിയുന്ന ഭിന്നശേഷി സഹോദരങ്ങൾക്കും വാർദ്ധക്യസഹജമായ പ്രയാസം ഉള്ളവർക്കും ട്രെയിനിൽ കയറുക പ്രയാസമാണ്. പ്രത്യേകിച്ച് വീൽചെയറിൽ കഴിയുന്നവരെ എടുത്തു കേറ്റുക വളരെ പ്രയാസമാണ്. അവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ വീൽചെയർ റാമ്പുകൾ മാനുവൽ ആയോ ഓട്ടോമാറ്റിക് ആയോ നിർമ്മാണവേളയിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ ബഹുഭൂരിപക്ഷം ഭിന്നശേഷി സഹോദരങ്ങൾക്ക് റെയിൽവേ സംവിധാനം ഉപകാരപ്രദമാകും. അതിനു കൂടി റെയിൽവേ മന്ത്രാലയം മുൻഗണന കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയം ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, റെയിൽവേ മന്ത്രിക്കും, റെയിൽവേ ഉദ്യോഗസ്ഥർക്കും മുമ്പാകെ സമർപ്പിക്കുവാനും, ഞങ്ങളുടെ സമൂഹം അനുഭവിക്കുന്ന ഈ പ്രശ്നം ഒരു പ്രത്യേക ന്യൂസ് ആയി നൽകുവാനും ന്യൂസ് ഫോർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
സന്തോഷ് മാളിയേക്കൽ, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ
മുൻ സംസ്ഥാന പ്രസിഡൻറ്
പോസ്റ്റ് കണ്ട് ഞങ്ങൾ സന്തോഷിനെ ബന്ധപ്പെട്ടപ്പോഴാണ് അവഗണനയുടെ പരമ്പര തന്നെ ഉണ്ടെന്ന് മനസ്സിലായത്. സന്തോഷ് പറഞ്ഞത്:
ആദ്യം പോളിയോയുടെ രൂപത്തിൽ. പിന്നീടൊരു വാഹനാപകടം. ഉറ്റവരേയും ഉടയവരേയും മാത്രമല്ല സന്തോഷിൻ്റെ ചലനശേഷിയും ആ അപകടം കവർന്നു. അന്നു മുതൽ ഇന്നുവരെ കാസർഗോഡ് സ്വദേശിയായ യുവാവിൻ്റെ ജീവിതം സാമൂഹ്യ സേവനത്തിനായി മാറ്റി വെക്കുകയായിരുന്നു. ഇന്നിപ്പോൾ ചലനശേഷി നഷ്ടപ്പെട്ടവരെ സമൂഹത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ് സന്തോഷ്. നവകേരള ബസും, വന്ദേ ഭാരതും, പുതിയ ട്രെയിനുകളുമെല്ലാം കാണുമ്പോൾ കൊതിയോടെ നോക്കി പോകുമെന്ന് സന്തോഷ് പറയുന്നു. ഇതിൽ ഒന്ന് പരസഹായമില്ലാതെ കയറാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും.
മിക്ക റെയിൽവേ സ്റ്റേഷനുകളിലും റാമ്പുകളില്ലെന്നതാണ് ഭിന്നശേഷിക്കാരുടെ പ്രധാന പരാതി. മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും എസ്കലേറ്ററുകളുടേയും ലിഫ്റ്റുകളുടേയും നിർമ്മാണം പൂർത്തിയായിട്ടില്ല.വീൽ ചെയറുകൾ എസ്‌ക്കലേറ്ററിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്നതിനാൽ വീൽ ചെയറിൽ മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ഭിന്നശേഷിക്കാർക്ക് എസ്കലേറ്ററുകൾ ഗുണം ചെയ്യുന്നില്ല. നാലും അഞ്ചും പ്ളാറ്റ്‌ഫോമുകളുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ വലിയ ബുദ്ധിമുട്ടാണ് ഭിന്നശേഷിക്കാർ അനുഭവിക്കുന്നത്.
ഇവർക്ക് വേണ്ടി മാത്രം റിസർവ്വ് ചെയ്ത ലിഫ്റ്റുകൾ പ്രാവർത്തികമാക്കണം എന്ന ആവശ്യം ശക്തമാണ്. അതുപോലെ തന്നെ ഭിന്നശേഷിക്കാരെ അലട്ടുന്ന മറ്റൊരു കാര്യം ഭിന്നശേഷി സംവരണ കോച്ചിന്റെ സ്ഥാനമാണ്. മിക്ക ട്രെയിനുകളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത കോച്ചുകൾ എൻജിനോട് ചേർന്നും ടിക്കറ്റ് കൗണ്ടറുകൾ റെയിൽവേ സ്റ്റേഷന്റെ മദ്ധ്യത്തിലും ആയിരിക്കും. റെയിൽവേയിലേക്ക് കടക്കുന്ന ഭിന്നശേഷിക്കാർക്ക് കമ്പാർട്ട്മെന്റിലേക്ക് പോകാനുള്ള ബുദ്ധിമുട്ടുകളും കാലങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ലഗ്ഗേജുകളുമായി എല്ലാ ബോഗിയിലേക്കും മറ്റ് യാത്രക്കാർ തിരക്കുപിടിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും പലപ്പോഴും ഭിന്നശേഷിക്കാരിൽ ആശങ്കയും സമ്മർദ്ദവും ഉണ്ടാക്കുന്നുണ്ട്. എങ്ങനെയെങ്കിലും കോച്ച് പൊസിഷനിൽ എത്തിയാലും ഇവരുടെ പ്രയാസങ്ങൾ തീരുന്നില്ല. പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ കുത്തനേയുള്ള സ്റ്റെപ് അല്ലാതെ മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാണ്.
കോച്ചുകളിലും രക്ഷയില്ലബുദ്ധിമുട്ടുകൾ സഹിച്ച് ട്രെയിനിനുള്ളിൽ കയറിപ്പറ്റിയാലും ഭിന്നശേഷിക്കാർക്ക് രക്ഷയില്ല. ജനറൽ കമ്പാർട്ടുകളിലെ തിരക്ക് സഹിക്കാൻ പറ്റാതെ ഭിന്നശേഷി സംവരണ ബോഗിയിൽ ജനറൽ ടിക്കറ്റ് എടുത്തവർ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം യാത്രകൾ അനുവദിക്കില്ലെന്നും പിഴ ഈടാക്കാറുണ്ടെന്നും റെയിൽവേ അധികൃതർ പറയുമ്പോഴും അത്തരം യാത്രകൾക്ക് കുറവില്ല.സീറ്റുകൾ വർദ്ധിപ്പിക്കണം, കോച്ച് പൊസിഷൻ മാറ്റണംഭിന്നശേഷി ബോഗിയിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം. മുഴുവൻ കമ്പാർട്ട്‌മെന്റിലും ഭിന്നശേഷിക്കാർക്ക് നിശ്ചിതയളവിൽ സംവരണം നൽകണം. ഭിന്നശേഷി സംവരണ കോച്ച് റെയിൽവേ സ്റ്റേഷന്റെ മദ്ധ്യത്തിൽ വരത്തക്ക രീതിയിൽ മാറ്റണം. പണമുള്ളവർക്ക് ഇതൊന്നും പ്രശ്നമല്ല. ഫ്ലൈറ്റിലൊക്കെ സുഖമായി യാത്ര ചെയ്യാം. ഇടത്തരക്കാരും സാധാരണക്കാരുമാണ് റെയിൽവേ ഗതാഗതം കൂടുതലായി ഉപയോഗിക്കുന്നത്. അതു കൊണ്ട് റെയിൽവെ അധികൃതർ എത്രയും വേഗം കണ്ണു തുറക്കണമെന്നാണ് സന്തോഷിൻ്റെ ആവശ്യം.
റെയിൽവേ സ്‌റ്റേഷനുകളിലും അപ്പുറമാണ് ട്രെയിനിൽ കയറാനുള്ള പെടാപ്പാട്. പ്രത്യേകിച്ച് ശരീരഭാരം കൂടുതലുള്ളവർക്ക്. എടുത്ത് കയറ്റണമെങ്കിൽ മൂന്നോ നാലോ ആളുകൾ വേണ്ടിവരും. വിദേശ മാതൃകയിലുള്ള സജജീകരണങ്ങൾ ഒരുക്കിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് സന്തോഷ് പറയുന്നത്.