തിരുവനന്തപുരം: അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവര്‍ഷ പാത്തി അടുത്ത ദിവസങ്ങളില്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യത. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ സജീവമാകും.
ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലീമീറ്ററാണ്. ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മഴ. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയായാല്‍ ജലക്ഷാമം രൂക്ഷമാകാം. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -52%), വയനാട് ( -48%), കോഴിക്കോട് ( -48%). രണ്ടു മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1602.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയേക്കാള്‍ (1948.1 എംഎം) 18% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. കണ്ണൂര്‍ (1436.6 എംഎം) മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 20% കുറവ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (339.2 എംഎം), പാലക്കാട് ( 596.5 എംഎം) ജില്ലകളിലാണ്.
ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചു. 653.5 എംഎം മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ ലഭിച്ചത് 592 എംഎം മഴയാണ്. 9% കുറവ്. കാസര്‍കോട്( 27%), കണ്ണൂര്‍(17%), പത്തനംതിട്ട( 5%), ആലപ്പുഴ( 2%), കൊല്ലം ( 4%) ജില്ലകളില്‍ സാധാരണ ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി, കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തില്‍ അറബിക്കടലില്‍ കേരള തീരത്ത് കാലവര്‍ഷകാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കേരളത്തില്‍ ജൂലൈ 3 മുതല്‍ 8 വരെ കാലവര്‍ഷം സജീവമായി. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ ലഭിച്ചു. ജൂലൈ 22- 25 വരെയും കേരളത്തില്‍ കാലവര്‍ഷം ശക്തമായി. ജൂണില്‍ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 260.3 എംഎം മഴ മാത്രം. 60% കുറവ്. ജൂണ്‍ 6ന് അറബികടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തില്‍ കാലവര്‍ഷത്തെ ദുര്‍ബലമാക്കിയത്.