ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്തു പുലിയെ കണ്ടെത്തി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു.
ഓട്ടോറിക്ഷാ ഡ്രൈവർ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് പുലി എത്തിയത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടെത്തിയത്.
ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
കുട്ടിക്കുറുമ്പി ഹാപ്പിയാണ്; അഭയാരണ്യത്തിലെ കണ്ണിലുണ്ണി; മോളൂട്ടിയെ എവിടെ പാർപ്പിക്കുമെന്ന് ഉടൻ അറിയാം
കൊച്ചി: പിറന്നുവീണ് മണിക്കൂറുകൾക്കകം വനപാലകർക്ക് കിട്ടിയതാണ് മോളൂട്ടിയെന്ന കുട്ടിയാനയെ. കോടനാട് അഭയാരണ്യം റെസ്ക്യൂ ഹോമിലെ കണ്ണിലുണ്ണിയാണ് മോളൂട്ടി.
കഷ്ടിച്ച് 35 ദിവസം മാത്രം പ്രായം. കാട്ടാനക്കുട്ടിയെ മറ്റു ക്യാമ്പിലേക്ക് മാറ്റണോ ഇവിടെത്തന്നെ പാർപ്പിക്കണോ എന്നു തീരുമാനിക്കാൻ നേരമായി. ഇതിന് മൂന്നംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.
കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് അഭയാരണ്യത്തിന് സമീപം പെരിയാർ തീരത്തെ കലുങ്കിനിടയിൽ കുടങ്ങിയനിലയിൽ പിടിയാനക്കുട്ടിയെ കണ്ടെത്തിയത്.
പിറന്നുവീണ് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കവേ കാലിടറി കലുങ്കിനിടയിൽ കുടുങ്ങിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കുട്ടിയെ രക്ഷിക്കാനാകാതെ അമ്മയുൾപ്പെട്ട ആനക്കൂട്ടം പിന്നീട് കാടുകയറി.
വനംവകുപ്പിന്റെ റെസ്ക്യൂ ഹോമിൽ ആന കുട്ടിക്ക് അടിയന്തര ചികിത്സ നൽകി. നിലവിൽ അടച്ചിട്ട മുറിയിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് പരിചാരകരും മാത്രമാണ് ആനക്കുട്ടിയുമായി നേരിട്ട് ഇടപെടുന്നത്. മോളൂട്ടി എന്ന് അവർ വിളിപ്പേരിട്ടു.
ഇനി മോളൂട്ടിയെവനത്തിലേക്ക് തിരിച്ചയയ്‌ക്കാനാവില്ല. അഭയാരണ്യത്തിലെ മറ്റ് 7 ആനകൾക്കൊപ്പം നിലനിറുത്തുകയോ മറ്റു ക്യാമ്പിലേക്ക് മാറ്റുകയോ വേണം.
അതിനുമുമ്പ് വന്യജീവി സംരക്ഷണനിയമത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിചരണവും പുനരധിവാസവും തീരുമാനിക്കാനാണ് വിദഗ്ദ്ധസമിതി യോഗം ചെരുന്നത്.
വനഗവേഷണകേന്ദ്രം മുൻ സയിന്റിസ്റ്റ് ഡോ. പി.എസ്. ഈസ, വെറ്ററിനറി സർവകലാശാലയിലെ പ്രൊഫ. ഡോ. ശ്യാം, വനംവകുപ്പ് അസി. വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എന്നിവരുൾപ്പെട്ടതാണ് സമിതി.