തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Landslides in Vithura; One person died in Idukki due to flash flood)
ഇടുക്കി വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ രക്ഷപ്പെടുത്തി. ജോലിക്ക് പോയി മടങ്ങുന്നതിനിടെ ഇരുവരും തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടയെ ഗതാഗതം പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്.
അതേസമയം ഇന്ന് സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീവ്രമഴ കണക്കിലെടുത്ത് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.