മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു
മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗവ. ബോട്ടാണിക്കൽ ഗാർഡന് സമീപത്തുള്ള കടകളാണ് വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്.
സ്പെഷ്യൽ തഹസിൽദാർ ഗായത്രിയുടെ നേതൃത്വത്തിലായിരുന്നു നടപടി. വ്യാഴാഴ്ച ഇതേ സ്ഥലത്തെ ഏതാനും കടകൾ ഉദ്യോഗസ്ഥർ പൊളിച്ച് നീക്കിയിരുന്നു. ബാക്കി കടകൾ വെള്ളിയാഴ്ച ഉടമകൾ സ്വയം പൊളിച്ചു നീക്കാമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് റവന്യൂ അധികൃതർ കടകൾ പൊളിച്ചു നീക്കിയത്. ചില കടയുടമകൾ എതിർപ്പുമായി രംഗത്തുവന്നെങ്കിലും പോലീസ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി.
നേരത്തെ പ്രദേശത്ത് നിരവധി തവണ കനത്ത മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മഴ തുടർന്നാൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാലാണ് കടകൾ പൊളിച്ചു നീക്കിയത്.
വരും ദിവസങ്ങളിൽ അപകട ഭീഷണിയുള്ള മറ്റു ഭാഗങ്ങളിലെ വഴിയോരക്കടകൾ പൊളിച്ചുനീക്കും.









