കൺമുന്നിൽ അരുംകൊല നടക്കുന്നത് കാണേണ്ടിവന്ന ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല വെള്ളറട നിവാസികൾ. തിരക്കേറിയ റോഡിൽ നടന്ന കൊലപാതകം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കി. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന രാജി മോളെ ഭർത്താവ് കോലത്ത് വീട്ടിൽ മനോജ് സെബാസ്റ്റ്യൻ കാത്തുനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.(lady was stabbed to death by her husband in kattakkada)
ഭർത്താവുമായി അകന്നു കഴിയുന്ന രാജിമോളെ തിരക്കേറിയ റോഡിൽ വച്ച് കത്തിയുമായി കാത്തുനിന്ന ഭർത്താവ് മനോജ് സെബാസ്റ്റ്യൻ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അസുഖബാധിതയായ രാജി അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി മരുന്നുവാങ്ങി മടങ്ങുകയായിരുന്നു. രാജി തിരികെ വന്നപ്പോൾ മനോജുമായി എന്തോ സംസാരിച്ചു. ഇതിന് പിന്നാലെ ഇയാൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുടകൊണ്ട് പ്രതിരോധിക്കാൻ രാജി ശ്രമിച്ചെങ്കിലും വിഫലമായി.
പ്രണയം, വിവാഹം, വിരോധം :
രാജിയുടെയും മനോജിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ രണ്ടുവർഷം മുൻപ് ഇവർ തെറ്റി പിരിഞ്ഞു. ഇതിനുശേഷം മനോജ് ഒറ്റയ്ക്കായിരുന്നു താമസം. കുറച്ച് അകലെയുള്ള സ്വന്തം വീട്ടിൽ രാജിയും താമസിച്ചു. അസുഖബാധിതയായ രാജി ഇന്നലെ അമ്പൂരി കുടുംബാംഗത്തിൽ എത്തി മരുന്നുവാങ്ങി മടങ്ങുകയായിരുന്നു.
സാധാരണ സ്കൂട്ടറിൽ സഞ്ചരിക്കാറുള്ള രാജി മഴയായതിനാൽ ഇന്നലെ ആശുപത്രിയിലേക്ക് നടന്നാണ് പോയത്. ആശുപത്രിയിലെത്തി മരുന്നു വാങ്ങി തിരികെ വരുന്നവഴി മനോജിനെ കണ്ടു. തമ്മിൽ എന്തോ സംസാരിച്ചതിന് പിന്നാലെ മനോജ് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും മായത്തയ്ക്ക് വന്ന കെഎസ്ആർടിസി ബസ്സിനു മുന്നിൽ വച്ചായിരുന്നു ആക്രമണം.
നാട്ടുകാർ ഉടൻ തന്നെ രാജിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ മനോജിനും പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. അപ്രതീക്ഷിതമായി കാണേണ്ടിവന്ന അരും കൊലയിൽ നടുങ്ങി നിൽക്കുകയാണ് നാട്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് ക്രൂരത അരങ്ങേറിയത്.