കൊച്ചിയിൽ 52 വയസുകാരിക്ക് ക്രൂരപീഡനം. സ്ത്രീയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയും മർദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയും ചെയ്ത സംഭവത്തിൽ ആസാം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഗുരുതര പരിക്കുകളോടെ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വെച്ചാണ് സംഭവം.
ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലാണ് സ്ത്രീയുടെ താമസം. റെയിൽവേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മറ്റെന്തെങ്കിലും ജോലി ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് ഇവിടെയെത്തിയത്. മലയാളം നന്നായി അറിയാവുന്ന പ്രതി ജോലിക്കാര്യം പറഞ്ഞു ഓട്ടോയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഫിർദൗസ് ആദ്യം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് സ്ത്രീയെ കൊണ്ടുപോയത്. സൗത്തിൽ കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങി റെയിൽവേ ട്രാക്കിനടുത്തേക്ക് കൊണ്ടുപോയി. പിന്നീട് പൊന്നുരുന്നി റെയിൽവേ ട്രാക്കിനടുത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് ഇവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. രണ്ടുദിവസമായി സ്വിച്ച്ഓഫ് ആയിരുന്ന ഇയാളുടെ നമ്പർ ശനിയാഴ്ച വീണ്ടും ആക്ടിവായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് കലൂർ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സംഭവത്തിനു പിന്നാലെ ആദ്യം പൊലീസിന് നൽകിയ മൊഴിയിൽ, മലയാളം നന്നായി സംസാരിക്കാൻ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തന്നെ പീഡിപ്പിച്ചത് എന്ന് മാത്രമായിരുന്നു 55 കാരി പറഞ്ഞിരുന്നത്. അതിനാൽ പോലീസിനെ കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല . തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയാണ് പ്രതി എന്ന് വ്യക്തമായത്.