തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ.Kuttitheruv in memory of Keralavarma Valiyakoithampuran
1914 സെപ്റ്റംബർ 20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കും പ്രകടമായ പരിക്ക് ഇല്ലായിരുന്നു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഇരുന്ന വശത്തേക്കാണ് കാര്‍ മറിഞ്ഞത്.
അദ്ദേഹത്തിന്റെ നെഞ്ച് ശക്തമായി കാറില്‍ ഇടിച്ചുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. അപകടശേഷം അദ്ദേഹം അടുത്തുള്ള വീട്ടിലേക്ക് നടന്നുപോയി വെള്ളം കുടിച്ചിരുന്നു.
എ.ആര്‍. രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. എആറിന്റെ ഡയറിക്കുറിപ്പിലാണ് അപകടത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്. വിവേകോദയം മാസികയില്‍ ഈ അപകടത്തിന്റെയും കേരളവര്‍മയുടെ മരണത്തിന്റെയും വാര്‍ത്തകള്‍ മഹാകവി കുമാരനാശാനും പ്രസിദ്ധീകരിച്ചിരുന്നു.
കാറില്‍ ഒപ്പമുണ്ടായിരുന്ന പരിചാരകന്‍ തിരുമുല്‍പാടിന്റെ കാലൊടിഞ്ഞു. സംഭവം നടന്ന് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിടുന്ന വേളയില്‍ ഇന്ന് രാജ്യത്ത് പ്രതിദിനം ശരാശരി നൂറോളം വാഹനാപകട മരണം ഉണ്ടാകുന്നതായാണ് കണക്കുകള്‍.
യുഎസ് നാഷണൽ സേഫ്റ്റി കൗൺസിലിന്റെ കണക്ക് പ്രകാരം1908ൽ അമേരിക്കയിൽ നിരത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 751 ആയിരുന്നു.
അതേ വർഷമാണ് ഹെൻട്രി ഫോർഡ് അസംബ്ലിലൈൻ പ്രിൻസിപ്പൽ പ്രാവർത്തികമാക്കിക്കൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് കാർ വിപ്ലവം തീർക്കുന്നത്.
പിന്നെയുള്ള രണ്ടു പതിറ്റാണ്ട് കൊണ്ട് 15 മില്യണിലധികം ഫോർഡ് ടി വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. 1935 ആയപ്പോൾ അമേരിക്കയിൽ റോഡ് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37000 ആയി വർധിച്ചു.